റോഡരികിലെ കുറ്റിക്കാട്ടിൽ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയിൽ
text_fieldsവർക്കല: ഇരുപതു ചാക്ക് അരി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വർക്കല വെട്ടൂർ വലയൻറകുഴി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ അരിച്ചാക്കുകൾ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വെട്ടൂർ ഗ്രാമപഞ്ചായത്തംഗം എസ്. സുനിൽ സ്ഥലത്തെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.ഒാട്ടോറിക്ഷയിലാണ് അരിച്ചാക്കുകൾ കൊണ്ടുവന്ന് കുറ്റിക്കാട്ടിൽ തള്ളിയതെന്നാണ് ലഭിക്കുന്ന വിവരം.
സ്ഥലത്തെത്തിയ പൊലീസ് ഒാട്ടോറിക്ഷ ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വർക്കല താലൂക്കാശുപത്രിക്ക് സമീപമുള്ള കടയിൽനിന്ന് എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടാൻ ഏൽപിച്ചതാണെന്നാണ് ഒാട്ടോഡ്രൈവർ പൊലീസിനെ അറിയിച്ചത്. എന്നാൽ, റേഷൻ കടയിൽനിന്നുള്ള അരിയാണ് ഇത്തരത്തിൽ കൊണ്ടുതള്ളിയതെന്ന് സംഭവസ്ഥലത്ത് കൂടിയ നാട്ടുകാർ ആരോപിച്ചു.
സ്ഥലത്ത് തടിച്ചുകൂടിയ സാധാരണക്കാരായ തൊഴിലാളി സ്ത്രീകൾ അമർഷത്തോടെയാണ് സംഭവത്തിൽ പ്രതികരിച്ചത്. ജോലിയും കൂലിയുമില്ലാതെ കോറോണക്കാലത്ത് നാട്ടുകാർ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഇത്രയും ഭക്ഷ്യധാന്യം പാഴാക്കിക്കളഞ്ഞത് നീതീകരിക്കാനാകില്ലെന്നും അഞ്ചോ പത്തോ രൂപ വിലകുറച്ച് തന്നിരുന്നെങ്കിൽ തങ്ങൾ വാങ്ങുമായിരുന്നെന്നും അവർ പറയുന്നു. എന്തായാലും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പൊലീസിെൻറ ഇടപെടലിനെതുടർന്ന് അരി കൊണ്ടു തള്ളിയ ഒാട്ടോറിക്ഷ ഡ്രൈവർതന്നെ അവ തിരിച്ചെടുത്ത് കൊണ്ടുപോയി. അരിയുടെ സാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനക്കയക്കുമെന്നും പരിശോധനഫലം കിട്ടിയശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.