കലിതുള്ളി കടൽ; ഓടേറ്റിയിലും വെറ്റക്കടയിലും വള്ളങ്ങൾ തകർന്നു
text_fieldsവർക്കല: കലിതുള്ളിയ കടൽ വർക്കല മേഖലയിൽ വൻ നാശം വിതച്ചു. ഓടേറ്റിയിലും വെറ്റക്കടയിലും വള്ളങ്ങൾ തകർന്നു. നിരവധി മത്സ്യബന്ധന വലകൾ നഷ്ടമായി. വെറ്റക്കടയിൽ തീരത്ത് കയറ്റിയിരുന്ന വള്ളങ്ങളും മത്സ്യത്തൊഴിലാളികളുടെ കൂടങ്ങളും അപകട ഭീഷണിയിലായി.വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് കടലാക്രമണമുണ്ടായത്. മുന്നറിയിപ്പുണ്ടായിരുന്നതിനാൽ തൊഴിലാളികൾ കടലിൽ പോകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രണ്ടര മീറ്ററോളം ഉയരത്തിൽ പാഞ്ഞുകയറിയ തിരമാലകൾ തീരത്തെ ചാത്തനാടിയ കളം പോലെയാക്കി. വള്ളങ്ങളെല്ലാം ഇളകിപ്പോയി. മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള വള്ളം തരിപ്പണമായി. മുപ്പതോളം കൂടങ്ങളിലെല്ലാം വെള്ളം കയറി. വലകൾ കടലെടുത്തു. മിക്കവാറും കൂടങ്ങൾക്കും കേടുപാടുണ്ടായി. തീരത്തുനിന്ന് 100 മീറ്റർ അകലത്തിലുള്ള കൂടങ്ങളും കടന്ന് തിര 50 മീറ്ററിലധികം ഒഴുകി തൊട്ടടുത്ത കായലിൽ പതിച്ചു.
തീരം വിജനമായിരുന്നെങ്കിലും ചില കൂടങ്ങളിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും അപകടമില്ല. ഇവർ ഫോണിൽ അറിയിച്ചതനുസരിച്ച് മറ്റ് മത്സ്യത്തൊഴിലാളികൾ ഓടിയടുത്തു. ഒഴുക്കിൽപെട്ട വള്ളങ്ങൾ അവർ പരമാവധി മുകളിലേക്ക് കയറ്റിെവച്ചു. ശേഷം യമഹ എൻജിനുകളും കൂടങ്ങളിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലവരുന്ന വലകളും അനുബന്ധ ഉപകരണങ്ങളും മാറ്റി. ഉച്ചക്ക് പന്ത്രണ്ടോടെ 200 മീറ്ററോളം കടലിറങ്ങിപ്പോയെന്നും അരമണിക്കൂറിനുള്ളിൽ 150 മീറ്ററിലധികം കരയിലേക്ക് ആഞ്ഞുകയറിയെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സൂനാമി വന്നപ്പോൾപോലും ഇത്രയധികം കടൽ കരയിലേക്ക് കയറിയിരുന്നില്ലെന്ന് മുതിർന്ന മത്സ്യത്തൊഴിലാളിയായ മുല്ലാക്ക 'മാധ്യമ'ത്തോട് പറഞ്ഞു. വെറ്റക്കടയിൽ കടൽക്ഷോഭം തടയാൻ തൊഴിലാളികൾ ഉയർത്തിയ മണൽച്ചാക്ക് ഭിത്തിയും കടൽ വിഴുങ്ങി. ആറുമാസത്തിനിടെ വെറ്റക്കടയിൽ കടൽക്ഷോഭത്തിൽ കനത്ത നാശനഷ്ടമാണുണ്ടായത്. മുല്ലാക്കയുടെ മാത്രം അഞ്ചുവള്ളം തിരയിൽ തകർന്നു. അതിലൊന്ന് 40 ലക്ഷത്തിലധികം മുതൽമുടക്കിയ കൊല്ലി വള്ളമായിരുന്നു.
ഓടേറ്റിയിൽ കരയിലിരുന്ന വള്ളം തകർന്നു. മത്സ്യത്തൊഴിലാളിയായ സജീദിെൻറ വള്ളമാണ് തകർന്നത്. ഇവിടെയും തിര അമ്പത് മീറ്ററിലധികം തീരത്തേക്ക് കയറി. സമീപ റിസോർട്ടുകളുടെ മുറ്റം വരെയും തിരകളെത്തി.
ചിലക്കൂർ, വള്ളക്കടവ്, വെട്ടൂർ, അരിവാളം, റാത്തിക്കൽ മത്സ്യബന്ധന കേന്ദ്രങ്ങളിൽ കടൽക്ഷോഭമുണ്ടെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. കടൽ കലിതുള്ളി നിൽക്കുന്നതിനാൽ മേഖലയിലെ മൂവായിരത്തോളം മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവനവും മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.