സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടി; ദുർഗന്ധത്തിൽ വലഞ്ഞ് പാപനാശം ബീച്ചും പരിസരവും
text_fieldsവർക്കല: പാപനാശം ബീച്ചിലെ ബലിമണ്ഡപത്തിന് സമീപമുള്ള ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിലെ പൈപ്പ് പൊട്ടിയതോടെ ബീച്ചും പരിസരവും രൂക്ഷമായ ദുർഗന്ധത്തിൽ. പൈപ്പ് പൊട്ടി ഒഴുകുന്ന മാലിന്യം നീക്കാൻ അധികൃതർ തയാറായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടക്കുന്നതുമൂലം പ്രദേശത്ത് നേരത്തേ തന്നെ ദുർഗന്ധം രൂക്ഷമാണ്.
സെപ്റ്റിക് ടാങ്കിന്റെ അറ്റകുറ്റപ്പണി അടിയന്തര പ്രാധാന്യത്തോടെ നടത്തണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു. കഴിഞ്ഞ കർക്കിടക വാവിനോട് അനുബന്ധിച്ചാണ് ടാങ്കിന്റെ അറ്റകുറ്റപ്പണികൾ നടന്നത്. കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
കെട്ടിടത്തിൽ മൂന്ന് ശുചിമുറികളാണുള്ളത്. ഇതിൽ രണ്ടെണ്ണത്തിന്റെയും വാതിലുകൾ പൊളിഞ്ഞ് ഇളകിമാറിയ നിലയിലാണ്. ബലിതർപ്പണത്തിനായെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നിലവിൽ ശുചിമുറി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇവിടത്തെ പൈപ്പുകൾ കേടായതുമൂലം വെള്ളം നഷ്ടപ്പെടുന്നുമുണ്ട്. വാഷ് ബേസിൻ പൈപ്പുകളും തുരുമ്പെടുത്ത നിലയിലാണ്.
ശുചിമുറി നവീകരണം ഉൾപ്പെടെ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തികരിക്കുന്നതിനായി ഒമ്പത് ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് നേരത്തെ തന്നെ ദേവസ്വം ബോർഡിന് നൽകിയിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല. അതേസമയം പൊട്ടിയ പൈപ്പുകൾ മാറ്റി പ്ലംബിങ് ജോലികൾ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.