സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്
text_fieldsവര്‍ക്കല: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. മുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസിനെ അമിതവേഗത്തിൽ പിറകിലൂടെ ചീറിപ്പാഞ്ഞുവന്ന മറ്റൊരു ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
രണ്ട് ബസുകളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെ ഒടേറ്റിയിരാണ് അപകടം. വര്‍ക്കല ക്ഷേത്രം ഭാഗത്തുനിന്ന് മാന്തറയിലേക്ക് പോയ മാനസ് ബസും കാപ്പില്‍ എച്ച്.എസിലേക്ക് പോയ ശ്രീനന്ദ ബസുമാണ് അപകടത്തിൽപെട്ടത്.
മുന്നിൽപോയ മാനസ് ബസിനെ അമിതവേഗത്തില്‍ പിന്നാലെയെത്തിയ ശ്രീനന്ദ ബസ് ഓവർടെക്ക് ചെയ്യവെ മാനസ് ബസിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളും നിയന്ത്രണം തെറ്റി സമീപത്തെ മതില്‍ തകര്‍ത്തു കയറിയാണ് നിന്നത്. ബസ് മതിൽ തകർത്ത് ഇടിച്ചുകയറുമ്പോൾ വീട്ടുമുറ്റത്ത് ആളില്ലാതിരുന്നതും ദുരന്തം ഒഴിവാക്കി.
മാനസ് ബസിന്‍റെ ഡ്രൈവര്‍ പനയറ വി.എസ്. ലാന്‍ഡില്‍ അരുണ്‍ (30), കണ്ടക്ടര്‍ മുത്താന രതീഷ് ഭവനില്‍ രതീഷ് (33), ശ്രീനന്ദ ബസിന്‍റെ ഡ്രൈവര്‍ വെണ്‍കുളം കൈതറവിളാകത്ത് ആകാശ് (24), കണ്ടക്ടര്‍ വെണ്‍കുളം തെക്കേത്തൊടിയില്‍ ശരത് (24), വർക്കല ഭാരത് സേവക് സമാജിലെ വിദ്യാര്‍ഥിനി ഓടയം പടിഞ്ഞാറ്റേകുന്നത്തില്‍ നജുമ (18), വെണ്‍കുളം കരിപ്പുറം മാവിള വീട്ടില്‍ സോനു (20), വെണ്‍കുളം വാറുപുരയിടത്തില്‍ ശോഭന (56), മകന്‍ ജിഷ്ണു (20), വെണ്‍കുളം കണ്ണാംപറമ്പ് ചന്ദ്രകാന്തത്തില്‍ രേഷ്മ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ വര്‍ക്കല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.