പൊലീസിനെ ആക്രമിച്ച് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി
text_fieldsവർക്കല: കൊലപാതകശ്രമക്കേസിൽ പിടികൂടി സ്റ്റേഷനിലെത്തിച്ച പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റെങ്കിലും പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടി.
ചാവർകോട് ആശാരിമുക്ക് മേലേകോട്ടക്കൽ വീട്ടിൽ അനസ് ഖാൻ (26), അയിരൂർ വില്ലിക്കടവ് കല്ലുവിളാകം വീട്ടിൽ ദേവനാരായണൻ (20) എന്നിവരാണ് അയിരൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ വർക്കല അയിരൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയായ അനസ് ഖാനെയും അയിരൂർ സ്റ്റേഷനിൽ കൊലപാതക ശ്രമക്കേസിൽ പ്രതിയായ ദേവനാരായണനെയുമാണ് കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച അയിരൂർ സ്റ്റേഷനിൽ എത്തിച്ചത്. സ്റ്റേഷനിൽനിന്നാണ് പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
അനസ് ഖാൻ ബാഗിൽ സൂക്ഷിച്ചിരുന്ന വാൾ വീശി പരിഭ്രാന്തി പടർത്തിയശേഷമാണ് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. സ്റ്റേഷനിൽ നിന്നിറങ്ങി ഓടിയ ഇവരെ പൊലീസ് പിന്തുടർന്നു. സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ചുറ്റിത്തിരിയുന്ന തെരുവുനായയും പ്രതികളെ പിന്തുടർന്നു. നായ അതിവേഗം പിന്തുടർന്നത് കാരണം പ്രതികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ഓടിയെത്തിയ സിവിൽ പൊലീസ് ഓഫിസർ ബിനുവിന് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഇടത് കൈമുട്ടിന് വെട്ടേറ്റു. തുടർന്നും പ്രതികൾ കത്തി കൈമാറി വീശിയെങ്കിലും പൊലീസുകാർ സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽതന്നെയുള്ള തെരുവുനായ്ക്കും പ്രതികളെ പിടികൂടുന്നതിൽ നിർണായക പങ്കുണ്ട്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വർക്കല ഡിവൈ.എസ്.പി ഇൻചാർജ് രാസിതിന്റെ മേൽനോട്ടത്തിൽ പ്രതികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഒന്നരവർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽവെച്ച് കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രധാന പ്രതിയാണ് ചാവർകോട് സ്വദേശിയായ അനസ് ഖാൻ. കൊലപാതകശ്രമം, ലഹരി വിൽപന, മോഷണം, പിടിച്ചുപറി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് അനസ് ഖാൻ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.