ഓട്ടോ റെയിൽപാളത്തിൽ കുടുക്കി ഗേറ്റ് അടച്ചു; ഗേറ്റ് കീപ്പർക്ക് സസ്പെൻഷൻ
text_fieldsവർക്കല: റെയിൽവേ ഗേറ്റ് കടക്കവെ ഓട്ടോയെ പാളത്തിൽ കുടുക്കി ഗേറ്റ് അടച്ച ഗേറ്റ് കീപ്പർക്ക് സസ്പെൻഷൻ. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് കീപ്പർ ഊന്നിൻമൂട് സ്വദേശി സതീഷ്കുമാറിനെയാണ് റെയിൽവേ സസ്പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും റെയിൽവേ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർ ആശിഷ് വർക്കല റെയിൽവേ സ്റ്റേഷൻ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബുധനാഴ്ച പുലർച്ചയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എത്തിയ ഏറനാട് എക്സ്പ്രസ് കടന്നുപോയിട്ടും ഗേറ്റ് തുറക്കാതിരുന്നത് ചോദിച്ചതാണ് ഗേറ്റ് കീപ്പറെ പ്രകോപിപ്പിച്ചത്. ഏറനാട് എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം വർക്കലയിൽ െവച്ച് കമ്പാർട്ട്മെന്‍റ് മാറിക്കയറുന്നതിനിടെ ട്രെയിൻ നീങ്ങി.
മലയിൻകീഴ് വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ക്ഷേത്രത്തിന് സമീപം വിളയിൽ മരിയൻ ഹൗസിൽ സാജൻ, ഭാര്യ ആദിത്യ, സാജന്‍റെ മാതാവ് സൂസി എന്നിവരാണ് ആലപ്പുഴ യാത്രക്കിടെ വർക്കലയിൽ കമ്പാർട്ട്മെന്‍റ് മാറിക്കയറാൻ ശ്രമിച്ചത്. ആദിത്യ കയറിയശേഷം സാജൻ മാതാവിനെ കയറ്റാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ പുറപ്പെട്ടു. ഇരുവരും വർക്കല സ്റ്റേഷനിൽ കുടുങ്ങി. ആദിത്യയുമായി ഫോണിൽ സംസാരിച്ച ശേഷം സാജനും മാതാവും ഓട്ടോയിൽ കൊല്ലത്തേക്ക് തിരിച്ചു. പുന്നമൂട് എത്തി ഗേറ്റ് തുറന്നുകിട്ടാനായി കാത്തുകിടന്നു.
ട്രെയിൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാഞ്ഞതിൽ ആശിഷ് ഹോൺ മുഴക്കി. ഇതിന് ശേഷമാണ് ഗേറ്റ് ഉയർത്തിയത്. ഓട്ടോ പാളത്തിൽ പ്രവേശിച്ചപ്പോൾ 'ഉറങ്ങിപ്പോയതാണോ'എന്ന് ഓട്ടോ ഡ്രൈവർ ഗേറ്റ് കീപ്പറോട് ചോദിച്ചതിൽ പ്രേകാപിതനായാണ് ഉയർന്ന ഗേറ്റ് താഴ്ത്തിയത്. ഇതോടെ ഓട്ടോയും യാത്രക്കാരും പത്തു മിനിറ്റിലധികം അടഞ്ഞ ഗേറ്റിനകത്ത് പാളത്തിലകപ്പെട്ടു. ട്രെയിൻ നഷ്ടപ്പെട്ട സംഭവം വിവരിച്ച് അപേക്ഷിച്ച ശേഷമാണ് ഗേറ്റ് കീപ്പർ ലിഫ്റ്റിങ് ബാരിയർ ഉയർത്തിയതെന്നും സാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.