വർക്കലയിലും സമീപ പഞ്ചായത്തുകളിലും മുസ്ലിം ലീഗ് മുന്നണി ബന്ധം തകർക്കുന്നുവെന്ന് കോൺഗ്രസ്
text_fieldsവർക്കല (തിരുവനന്തപുരം): നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മുന്നണി ഐക്യം തകർക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നെന്ന് കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് മുന്നണി മര്യാദകൾ ലംഘിച്ച് എട്ട് സീറ്റിൽ ഏകപക്ഷീയമായാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസിനെ തകർക്കാനുള്ള ഹീന ശ്രമമാണിത്. സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് നിരവധി തവണ ലീഗിെൻറ ജില്ല, പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മുടന്തൻ ന്യായവാദങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
മുൻകാലങ്ങളിൽ ഒരു സീറ്റാണ് ലീഗിന് നൽകിയിരുന്നത്. ഇക്കുറി ഒരു ജനറൽ സീറ്റ് ഉൾപ്പടെ രണ്ടു സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും അതിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറാകാതെ സ്വന്തം നിലയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മുന്നണി മര്യാദ ലംഘിച്ച ലീഗിെൻറ നടപടി നീതികരിക്കാനാവില്ല. 33 വാർഡുകളിൽ 32 എണ്ണത്തിൽ കോൺഗ്രസും ഒരു സീറ്റിൽ ആർ.എസ്.പിയും മത്സരിക്കും. ലീഗുമായി ഈ തെരഞ്ഞെടുപ്പിൽ യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. ബി. ഷാലി, യു.ഡി.എഫ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ബി. ധനപാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.