പാപനാശത്ത് കുന്നിടിഞ്ഞു; അനധികൃത നിർമാണങ്ങൾ പൊളിക്കും
text_fieldsവർക്കല: പാപനാശം ബലിമണ്ഡപത്തിനോട് ചേർന്ന് കുന്നിടിഞ്ഞു. തീരം വിജനമായിരുന്നതിനാൽ അപകടം ഒഴിവായി. തുടരെത്തുടരെ കുന്നിടിയുന്നതിനാൽ നഗരസഭ കടുത്ത നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു.
ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെയാണ് ബലിമണ്ഡപത്തിനോട് ചേർന്നുള്ള കുന്നിന്റെ മുകൾഭാഗം താഴേക്ക് അടർന്നുവീണത്. ഇരുപത് മീറ്ററോളം വീതിയിൽ കുന്നിന്റെ ചുവടറ്റം വരെയുള്ള വലിയൊരു ഭാഗമാണ് അടർന്നുവീണത്. പാറയും ചരലും മണ്ണും ബലിമണ്ഡപത്തിന്റെ തിണ്ണയിലേക്കും അടർന്നുവീണിട്ടുണ്ട്. കുന്നിടിഞ്ഞത് പുലർച്ച ആയതിനാലും കനത്ത മഴ ആയതിനാലും തീരത്തും ബലിമണ്ഡപത്തിലും ആളുകൾ ഉണ്ടാതിരുന്നില്ല. തന്മൂലമാണ് അപകടം ഒഴിവായത്.
രണ്ടുവർഷം മുന്നേ ഇതേ ഭാഗത്ത് വിണ്ടുകീറി നിന്ന വലിയൊരു മല അപ്പാടെ ബലിമണ്ഡപത്തിലേക്ക് അടർന്നുവീണിരുന്നു. അന്ന് ഏഴോളം പേർക്ക് പരിക്കേൽക്കുകയും ബലിമണ്ഡപത്തിന്റെ ചുമരുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ചെയ്തിരുന്നു.
വർക്കല ഫോർമേഷന്റെ പ്രധാന ഭാഗമായ പാപനാശം കുന്നുകളിലെ തകർച്ച ഈ മഴക്കാലത്ത് ഇത് നാലാമത്തേതാണ്. കഴിഞ്ഞദിവസങ്ങളിൽ ഹെലിപാഡിന് സമീപത്തെ വീണ്ടുകീറി നിന്ന കുന്നിൻഭാഗം അപ്പാടെ കടലിലേക്ക് പതിച്ചിരുന്നു. തഹസിൽദാരും നഗരസഭ ചെയർമാനും ഉൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിൽയിരുത്തി ജില്ല കലക്ടർക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെതുടർന്ന് നടപ്പാതയിലൂടെയുള്ള സഞ്ചാരം താൽക്കാലികമായി നിരോധിച്ച് കലക്ടർ ഉത്തരവിറക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ നഗരസഭ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ച് പാപനാശം കുന്നിൻമുകളിലെ എല്ലാ സംരംഭകർക്കും നോട്ടീസും നൽകിക്കഴിഞ്ഞു. എല്ലാ മഴക്കാലത്തും കുന്ന് ഇടിഞ്ഞുവീഴുന്നതിനാൽ കുന്നിൻമുകളിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് നഗരസഭ തീരുമാനം.
കുന്നരികിലെ എല്ലാ നിർമിതികളും നഗരസഭ പൊളിക്കും
പാപനാശം കുന്നിൻമുകളിലെ അനധികൃത നിർമാണങ്ങളും മറ്റും ഏൽപിക്കുന്ന ഭാരമാണ് മഴക്കാലത്ത് കുന്നിടിച്ചിലിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ നടപ്പാത കഴിഞ്ഞ് കുന്നരികിലുള്ള എല്ലാ അനധികൃത നിർമാണങ്ങളും മറ്റ് എടുപ്പുകളും സൂചന, മുന്നറിയിപ്പ് ബോർഡുകൾ ഒഴിച്ചുള്ള മറ്റെല്ലാ ബോർഡുകളും ഇവിടങ്ങളിൽ താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള ചെറുതും വലുതുമായ മറ്റെല്ലാ സ്ഥാവരജംഗമവസ്തുക്കളും നഗരസഭതന്നെ പൊളിച്ചുനീക്കും.
ഇവ അതത് ഉടമസ്ഥരുടെ ചെലവിൽ പൊളിച്ചുനീക്കാൻ നോട്ടീസ് പ്രകാരം നൽകിയ സമയം തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ അവസാനിച്ചിരുന്നു. ഇതേ തുടർന്ന് നഗസഭയുടെ നേതൃത്വത്തിൽ കുന്നരികിലെ എല്ലാ അനധികൃത നിർമിതികളും നീക്കം ചെയ്തുതുടങ്ങി. ഇങ്ങനെ നീക്കം ചെയ്യുന്നതിന്റെ ചെലവ് അതത് സ്ഥാപനങ്ങളിൽനിന്ന് നഗരസഭ ഈടാക്കും.
കുന്നുകളെ സംരക്ഷിക്കാൻ കേന്ദ്ര പദ്ധതി നടപ്പാക്കണം -എം.എൽ.എ
കുന്നിടിഞ്ഞ ഭാഗം അഡ്വ. വി. ജോയി എം.എൽ.എ സന്ദർശിച്ചു. ലോകപ്രസിദ്ധമായ പാപനാശം കുന്നുകൾ കേന്ദ്ര എർത്ത് ആൻഡ് സയൻസ് വകുപ്പിന് കീഴിലായതിനാൽ ഇവിടെ സംസ്ഥാന സർക്കാറിന് എന്തെങ്കിലും പദ്ധതി നടപ്പാക്കാനാവില്ല. കുന്നിടിച്ചിൽ എല്ലാ മഴക്കാലത്തും ഉണ്ടാകുന്നതുമൂലം വലിയ നഷ്ടമാണ് സംഭവിക്കുന്നത്.
കുന്നുകളെ സംരക്ഷിക്കാനായി രണ്ട് പദ്ധതികൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. അവക്ക് അനുമതി നൽകി അടിയന്തരമായി നടപ്പാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.