മുനിസിപ്പൽ പാർക്ക് ശോച്യാവസ്ഥയിൽ; നഗരസഭക്ക് അനക്കമില്ല
text_fieldsവർക്കല: മൈതാനത്തെ മുനിസിപ്പൽ പാർക്ക് അനാഥവും ദുർഗന്ധപൂരിതവുമായ അവസ്ഥയിൽ. പാർക്ക് സംരക്ഷിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പരിപാടികൾ നടക്കുന്നത് പൊലീസ് സ്റ്റേഷനോടുചേർന്നുള്ള ഈ മുനിസിപ്പൽ പാർക്കിലും ഓപൺ ഓഡിറ്റോറിയത്തിലുമാണ്. കണ്ടിൻജന്റ് ജീവനക്കാർ തൂത്തുവാരുന്നതൊഴിച്ചാൽ പാർക്കിനെ നഗരസഭ ഗൗനിക്കാറേയില്ല. നഗരത്തിരക്കിനിടയിൽ ശാന്തമായ ഒരിടമാണ് ഈ പാർക്ക്. വൃദ്ധരും മാനസികവെല്ലുവിളികൾ നേരിടുന്നവരും ഉൾപ്പെടെ നിരവധിപേർക്ക് പകൽ പാർക്ക് അഭയമാണ്.
നഗരസഭപരിധിയിൽ പകൽവീട് എന്ന ആശയം പ്രാവർത്തികമാക്കാത്തതിനാൽ പാർക്കിനെ ആശ്രയിക്കുന്നവരാണ് ഇവിടെ എത്തുന്നതിൽ ഭൂരിഭാഗവും. ഓർമകളുടെ പങ്കുവെക്കലും പകൽക്കാഴ്ചകളും കൊണ്ട് സമ്പന്നമായിരുന്ന ഇവിടം ഇന്ന് അനാഥമാണ്. ചിത്രവരകൾ കൊണ്ട് മനോഹരമായിരുന്ന പാർക്കിന്റെ ഒരുഭാഗം ഇന്ന് ദുർഗന്ധപൂരിതമാണ്. പാർക്കിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർക്ക് മാലിന്യം ഉപേക്ഷിക്കുന്നതിന് നേരത്തേ ഉണ്ടായിരുന്ന വേസ്റ്റ് ബിന്നുകൾ അപ്രത്യക്ഷമായിട്ട് മാസങ്ങളായി.
ഭക്ഷണാവശിഷ്ടങ്ങളാണ് പാർക്കിലുടനീളം. ഒമ്പത് വർഷം മുമ്പ് വർക്കല കഹാർ എം.എൽ.എയുടെ ശ്രമഫലമായി സർക്കാറിന്റെ ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് പാർക്ക് നവീകരിച്ചത്. ആർക്കിടെക്ട് ശങ്കർ ഡിസൈൻ ചെയ്ത് ഹാബിറ്റാറ്റാണ് പദ്ധതി നിർവഹണം നടത്തിയത്.
തുടർന്ന് സംരക്ഷണം നഗരസഭയെ ഏൽപ്പിക്കുകയായിരുന്നു. കൂറ്റർ വിളക്കുകാലുകൾ സ്ഥാപിച്ച് മുന്തിയതരം ലൈറ്റുകളാൽ ചിത്രപ്പണികൾ ചെയ്ത മതിലിലേക്കും തണൽ മരങ്ങളിലേക്കും വെളിച്ചം ക്രമീകരിച്ചുള്ള സ്പോട്ട് ലൈറ്റുകൾ കത്താതായിട്ട് കാലങ്ങളായി. പാർക്ക് സംരക്ഷണത്തിനും മറ്റുമായി നഗരസഭയുടെ കണ്ടിൻജന്റ് ജീവനക്കാരിൽ ഒരാളെ രാത്രി പാർക്കിൽ നിയോഗിക്കണമെന്ന് അന്നേയുള്ള ആവശ്യം നഗരസഭ ചെവിക്കൊണ്ടില്ല.
ടോയ്ലറ്റ് സൗകര്യം ഇല്ല; ആളുകൾ പാർക്കിനെ മറയാക്കുന്നു
ടൗണിൽ ടോയ്ലറ്റ് സൗകര്യമില്ലാത്തത് യാത്രക്കാരിലും നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലെ ആളുകൾക്കും കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇത് നഗരസഭ കാണുന്നതേയില്ല. മൂത്രശങ്കക്ക് മറ നോക്കുന്നവർ പാർക്കിന്റെ മതിലോരങ്ങളെ ആശ്രയിക്കുകയാണ്. പാർക്കിന് സമീപത്തെ ടോയ്ലറ്റ് ബ്ലോക്ക് ഇടിച്ചുമാറ്റി പുതിയവ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പൊതുജനങ്ങൾക്കായി തുറന്ന് നൽകിയിട്ടില്ല. ടേക് എ ബ്രേക്ക് കെട്ടിടം ജനുവരിയിൽ യാഥാർഥ്യമായെങ്കിലും ഇതിലെ ടോയ്ലറ്റ് ബ്ലോക്കും പൂട്ടിക്കിടക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും മുറവിളി വനരോദനമാകുന്നു.
തണൽവിരിച്ച് മരങ്ങൾ; പക്ഷേ അപകട ഭീഷണിയും
പാർക്കിനകത്തും പുറത്തുമായി തണൽവിരിച്ച് മരങ്ങൾ ഉണ്ടെങ്കിലും അവ അപകട ഭീഷണിയുയർത്തുകയാണ്. പാർക്കിനോട് ചേർന്ന് പൊലീസ് സ്റ്റേഷൻ വളപ്പിലെ കാലപ്പഴക്കത്താൽ ജീർണിച്ച മരവും പാർക്കിനുള്ളിലെ തണൽമരത്തിന്റെ ഉണങ്ങിയ ശിഖരങ്ങളും ഏത് സമയവും നിലം പതിക്കാം.
സമീപത്തെ മുനിസിപ്പൽ ബങ്കുകളുടെ പിന്നിലായി പുതുതായി നിർമിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടവളപ്പിൽ സ്ഥിതിചെയ്യുന്ന കൊന്നത്തെങ്ങും കടപുഴകി അപകടമുണ്ടാക്കുന്ന നിലയിലാണ്. പാർക്കിൽ എത്തുന്നവർക്കും നടപ്പാത ഉപയോഗിക്കുന്നവർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇവ ഭീഷണിയാണ്. ശക്തമായ മഴയിലോ കാറ്റിലോ ഒടിഞ്ഞു വീണേക്കാവുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നഗരസഭ നടപടികളെടുക്കുന്നില്ല.
പാർക്കിലെ പരസ്യ മദ്യപാനം വെല്ലുവിളി
പാർക്കിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റുകൾ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ തുരുമ്പെടുത്ത് നശിച്ചിട്ട് കാലങ്ങളായി. ഇവയിലെ ലൈറ്റുകൾ പ്രകാശിക്കണമെങ്കിൽ വലി തുക ചെലവിടേണ്ടിവരും. സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള മങ്ങിയ വെളിച്ചമാണ് രാത്രിയിൽ പാർക്കിനുള്ളിലുള്ളത്. സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ അതും നിലക്കും. ഇരുട്ടുമൂടിയ പാർക്ക് പിന്നെ പരസ്യ മദ്യപാനകേന്ദ്രമാകും. മദ്യപിച്ച് ബോധരഹിതരായി ഉറങ്ങുന്നവരുടെ കേന്ദ്രമായി പകൽ സമയം പാർക്ക് മാറിക്കഴിഞ്ഞു. ടേക് എ ബ്രേക്ക് കെട്ടിടത്തിന്റെ മുന്നിലും സമീപത്തെ അടഞ്ഞുകിടക്കുന്ന പഴയ റെയിൽവേ ഗേറ്റിന് സമീപവും സമൂഹികവിരുദ്ധശല്യവും വർധിച്ചിട്ടുണ്ട്.
മദ്യപിച്ച് വഴക്കുണ്ടാക്കി തമ്മിൽ തല്ലുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പൊതുജനങ്ങൾക്ക് വഴി നടക്കാൻ പോലും കഴിയാത്ത രീതിയിൽ ഇത്തരക്കാരുടെ അതിക്രമങ്ങൾ ആവർത്തിക്കുന്നത് നഗരമധ്യത്തിലെ പൊലീസ് സ്റ്റേഷന് കൺമുന്നിലാണെന്ന വിരോധാഭാസവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.