മഴ കനത്തു; പാപനാശം ഹെലിപാഡിൽ വീണ്ടും കുന്നിടിഞ്ഞു
text_fieldsവർക്കല: മേഖലയിൽ ഇടതടവില്ലാതെ പെയ്ത മഴയിൽ പാപനാശം കുന്ന് വീണ്ടും തകർന്നു. വർക്കല ഫോർമേഷനിലെ സുപ്രധാന ഭാഗമായ ഹെലിപ്പാട് ഭാഗത്തെ കുന്നാണ് വലിയ അളവിൽ ഇടിഞ്ഞുവീണത്. രാവിലെ ഒമ്പതോടെയാണ് 25 മീറ്ററോളം ഭാഗം ഇടിഞ്ഞുവീണത്. അവശേഷിക്കുന്ന ഭാഗവും കുതിർന്ന് നിലംപതിക്കാവുന്ന നിലയിലാണ്. സന്ദർശകർക്ക് കടൽകാഴ്ചകൾ കാണാനും വിശ്രമിക്കാനുമായി പ്രത്യേകം തയറാക്കിയ സിമന്റ് ബഞ്ചുകൾക്ക് സമീപത്താണ് അപകടമുണ്ടായത്. തൊട്ടടുത്ത് പൊലീസ് എയ്ഡ് പോസ്റ്റുമുണ്ട്. കനത്ത മഴയായതിനാൽ നടപ്പാതയിലും ബെഞ്ചുകളിലും ആളുകൾ ഉണ്ടായിരുന്നില്ല. എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി പൊലീസുകാർ ഉണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും പാപനാശം കുന്നുകളിലെ വിവിധയിടങ്ങളിൽ കുതിർന്ന ഭാഗങ്ങൾ തകർന്നുവീണിരുന്നു. എല്ലാ മഴക്കാലത്തും വർക്കല കുന്നുകളിലെ പാപനാശം മുതൽ ആലിയിറക്കം വരെയുള്ള ഭാഗങ്ങൾ തകർന്നുവീഴുന്നത് പതിവാണ്. കുത്തിയൊലിച്ചുവരുന്ന മഴവെള്ളം കുന്നിലേക്കിറങ്ങി കുതിർന്ന ഭാഗങ്ങൾ തകർന്നുവീഴുകയാണ്. ലോകത്ത് അവശേഷിക്കുന്ന ഏറ്റവും പഴക്കമേറിയതും സുപ്രധാനവുമായ കുന്നിൻനിരകളാണ് നശിക്കുന്നത്. പാപനാശം കുന്നുകളുടെ തകർച്ച തുടരുമ്പോഴും ഈ ഭൗമശാസ്ത്ര വിസ്മയം സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ കൈക്കൊള്ളുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.