പരാതിയുമായെത്തിയ യുവാവ് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ആക്രമിച്ചു
text_fieldsവർക്കല: പരാതിയുമായെത്തിയ യുവാവ് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ആക്രമിച്ചു. ഒടുവിൽ യുവാവിനെ പോലീസിന്റെ സഹായത്തോടെ മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. മരം മുറിക്കുന്നത് സംബന്ധിച്ച് പരാതി നൽകാനായാണ് യുവാവ് പഞ്ചായത്ത് ഓഫീസിൽ എത്തിയത്.
പരാതി സ്വീകരിച്ചശേഷം മരത്തിന്റെ ശാഖകൾ മുറിച്ചു മാറ്റാനുളള നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി ആരിഫ് ഉറപ്പ് നൽകുകയും ചെയ്തുവത്രെ. എന്നാൽ പൊടുന്നനെ അക്രമാസക്തനായ യുവാവ് ഓഫിസിലെ കസേരകളും മേശയുടെ മുകളിലത്തെ ഗ്ലാസും അടിച്ച് പൊട്ടിക്കുകയും മേശപ്പുറത്തെ ഫയലുകൾ എടുത്തെറിയുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ബഹളം കേട്ടെത്തിയ പ്രസിഡന്റ് എസ്.ശശികല യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന യുവാവ് അതിക്രമം തുടർന്നു. ഉദ്യോഗസ്ഥരടക്കം ഒഴിഞ്ഞു മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല.
മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവാവ് ആണെന്ന് വ്യക്തമായതോടെ വർക്കല പൊലീസിന്റെ സഹായത്തോടെ ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവ് ലഹരിക്ക് അടിമ ആയതിനാലാണ് പെട്ടെന്ന് പ്രകോപനം ഉണ്ടായതെന്നും തുടർ അന്വേഷണത്തിൽ വ്യക്തമായി. പഞ്ചായത്ത് പരിധിയിൽ ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുന്നുണ്ടെന്നും എക്സൈസ് പരിശോധന കൂടുതൽ ശക്തമാക്കി പുതു ലമുറയെ നശിപ്പിക്കുന്ന ഇത്തരം വിപത്തുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.