ഇടവ-വർക്കല ദൂരം അഞ്ച് കിലോമീറ്റർ; കടക്കേണ്ടത് അഞ്ച് റെയിൽവേ ഗേറ്റുകൾ
text_fieldsവർക്കല: ഇടവയിൽനിന്ന് അഞ്ച് കി.മീ മാത്രം ദൂരമുള്ള വർക്കലയിലെത്താൻ യാത്രക്കാർ അഞ്ച് റെയിൽവേ ഗേറ്റുകൾ താണ്ടണം. ഇതിൽ പുന്നമൂട്, ഇടവ, ജനതാമുക്ക് റെയിൽവേ ഗേറ്റുകളിൽ യാത്രക്കാരെ കാത്തിരിക്കുന്നത് വലിയ യാത്രാദുരിതവും.
തീരമേഖലയായ വർക്കലയിലെ പ്രധാന റോഡിലാണ് അഞ്ച് റെയിൽവേ ഗേറ്റുകളുമുള്ളത്. ഇടവ, എച്ച്.എസ് ജങ്ഷൻ, ജനതാമുക്ക്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഗേറ്റുകളുള്ളത്. വർക്കല-കാപ്പിൽ റോഡും, വർക്കല-പാരിപ്പള്ളി റോഡും സദാസമയവും വാഹനത്തിരക്കേറിയതാണ്.
വർക്കലയിൽ ഇടവ വഴി കാപ്പിൽ പരവൂർ കൊല്ലം ഭാഗങ്ങളിലേക്കാണ് യാത്രയെങ്കിൽ മൂന്ന് ഗേറ്റുകളിലൂടെ കടന്നുവേണം ഇടവവരെയെത്തി യാത്ര തുടരേണ്ടത്. ഊന്നിൻമൂട്ടിലേക്കോ പാരിപ്പള്ളിയിലേക്കോ ആണ് യാത്രയെങ്കിൽ റെയിൽവേ സ്റ്റേഷനിലെയോ പുന്നമൂട്ടിലെയോ ഗേറ്റുകൾ വലിയ കടമ്പ തന്നെയാണ്.
ഇതിൽ ഇടവ, ജനതാമുക്ക്, പുന്നമൂട് ഗേറ്റുകൾ പൂർണമായും അപകടക്കെണിയുമാണ്. തന്മൂലം ഇവിടങ്ങളിൽ ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും അപകടം പതിവായിട്ടുണ്ട്. ട്രെയിൻ കടന്നുപോകാനായി അടക്കുന്ന ഗേറ്റുകൾ തുറക്കുമ്പോഴാണ് വാഹനത്തിരക്ക് രൂക്ഷമാകുന്നത്.
തുറന്ന ഗേറ്റിലൂടെ അപ്പുറമിപ്പുറം കടക്കാൻ വാഹനങ്ങൾ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങൾ പതിവാകുന്നത്. വർക്കല നഗരത്തിന്റെ പ്രധാന ഉപ ടൗണാണ് പുന്നമൂട്. ടൗണിനോട് ചേർന്നുള്ള പബ്ലിക് മാർക്കിലേക്ക് വന്നുപോകുന്നവരുടെ തിക്കുംതിരക്കും കൂടിയാവുമ്പോൾ രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ പുന്നമൂട് ടൗണിൽ ഗതാഗതക്കുരുക്കിന്റെ മേളം തന്നെയാണ്.
ഗേറ്റിലൂടെ സർവിസ് ബസുകളോ ലോറികളോ കയറിയാൽ ചെറുകാറുകളും ഇരുചക്ര വാഹനങ്ങളും ഗേറ്റിനകത്ത് കുടുങ്ങി ഗതാഗതം തന്നെ നിശ്ചലമാകുന്നതും ഇതിനിടയിൽ ഇരുചക്ര വാഹനങ്ങൾ തെറ്റിമറിഞ്ഞും കൂട്ടിമുട്ടിയും അപകടങ്ങൾ ഉണ്ടാകുന്നതും സ്ഥിരം കാഴ്ചയാണ്.
ഇടവ, ജനതാമുക്ക്, പുന്നമൂട് എന്നിവിടങ്ങളിലെ റെയിൽവേ മേൽപ്പാലം ദാ വന്നു എന്ന പ്രചാരണം നാലുവർഷം മുമ്പ് വരെയും സജീവമായിരുന്നു. അന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ ചിലത് ഇപ്പോഴും റെയിൽവേ ഗേറ്റുകളുടെ സമീപങ്ങളിലുണ്ട്. പുന്നമൂട്, ഇടവ ജങ്ഷനുകളിൽ മേൽപാലം വരാത്തിടത്തോളം കാലം യാത്രക്കാരും നാട്ടുകാരും യാത്രാദുരിതം സഹിക്കാൻ വിധിക്കപ്പെട്ടവരാകുന്നു. എന്നാൽ മേൽപ്പാലമെന്ന ആശയം ഇപ്പോഴും സ്വപ്നപദ്ധതിയായി തുടരുന്നു.
ഇടവ, ജനതാമുക്ക്, പുന്നമൂട് ഗേറ്റുകൾ കടക്കാൻ സർക്കസ് അഭ്യാസിയുടെ വല്ലാത്ത മെയ്വഴക്കം തന്നെ വേണം. ഗേറ്റിനുള്ളിലെ കോൺക്രീറ്റ് സ്ലാബുകൾക്ക് നിരപ്പില്ലാത്തതിനാൽ വാഹനങ്ങൾ ചാടിയും ചരിഞ്ഞും ആടിയുലഞ്ഞുമാണ് ഗേറ്റ് കടക്കുന്നത്. ഇതിനിടയിലാകും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും.
ഇടവ റോഡ്, പാപനാശം റോഡ്, വർക്കല റോഡ്, പാരിപ്പള്ളി റോഡ് എന്നിവ സന്ധിക്കുന്ന പുന്നമൂട് ജങ്ഷൻ ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുകയാണ്. പകൽ മാത്രം അറുപത് തവണയെങ്കിലും ട്രെയിൻ കടന്നുപോകാനായി ഗേറ്റുകൾ അടച്ചുതുറക്കേണ്ടിവരും.
ഓരോതവണയും ഗേറ്റുകൾ തുറന്നുകിട്ടാൻ മിനിമം എട്ടുമുതൽ പത്തു മിനുറ്റുകൾ വേണം. പലപ്പോഴുമത് പതിനഞ്ചും ഇരുപതും മിനുറ്റുകളുമാവും. പുന്നമൂട്-ഇടവ റോഡിലും ചന്തയുടെ ഭാഗത്തുനിന്നുള്ള റോഡിലും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാവും. ഗേറ്റിന് മറുവശത്ത് നടയറ, പാരിപ്പള്ളി ഭാഗത്തു നിന്നുവരുന്ന വാഹനങ്ങളുടെ നിരയും. വീതികുറഞ്ഞ നാലു റോഡുകളിലും അതോടെ വാഹനങ്ങൾ നിറയും.
ഇടവ പഞ്ചായത്തോഫിസ് പരിസരത്തെ റെയിൽവേ ഗേറ്റിന് മുന്നിലെ കാത്തിരിപ്പും റോഡിന്റെ വീതിക്കുറവും സുഗമമായ യാത്രക്ക് നിരന്തരം വെല്ലുവിളിയാണ്. ഇടവ പരിധിയിൽ രണ്ട് ഗേറ്റുകളാണ് നിലവിലുള്ളത്. വർക്കല റെയിൽവേ സ്റ്റേഷനോട് ചേർന്നുനിൽക്കുന്ന മറ്റൊരു ഗേറ്റും അടഞ്ഞാൽ തുറക്കുന്നത് ഏറെ വൈകിയാണെന്ന് ആക്ഷേപമുണ്ട്.
വർക്കല സ്റ്റേഷൻ ഭാഗത്തേക്ക് വരുന്ന ട്രെയിനുകൾ കാപ്പിൽ, കടയ്ക്കാവൂർ എത്തുന്ന വേളയിൽ തന്നെ ചുവന്ന സിഗ്നൽ തെളിഞ്ഞ് ഗേറ്റ് അടയും. പിന്നീട് ട്രെയിനുകൾ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് നിശ്ചിതസമയം കഴിഞ്ഞാൽ മാത്രമായിരിക്കും ഗേറ്റ് തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.