വടശ്ശേരിക്കോണത്ത് കുടിവെള്ളമില്ല; നട്ടംതിരിഞ്ഞ് നാട്ടുകാർ
text_fieldsവർക്കല: വടശ്ശേരിക്കോണം ജങ്ഷനിലും പരിസരങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. ദൈനംദിന കാര്യങ്ങളും അടുക്കളക്കാര്യങ്ങളും മുടങ്ങിയതുമൂലം നട്ടംതിരിഞ്ഞ് പ്രദേശവാസികൾ. പെരുമഴക്കാലമായിട്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലൂടെ കാറ്റ് മാത്രമാണ് വരുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ളം വിതരണം ചെയ്യാതെ നാട്ടുകാരെ വെല്ലുവിളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മൂന്നാഴ്ചക്കിടെ ബലിപെരുന്നാൾ ദിനത്തിൽ മാത്രമാണ് അരമണിക്കൂർ നേരത്തേക്ക് പൈപ്പിലൂടെ വെള്ളം എത്തിയത്. എന്നാൽ പ്രദേശത്തെ വീടുകളുടെ മുകളിലെ ടാങ്കിലേക്ക് വെള്ളം കയറിയതുമില്ല. കഷ്ടിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ജലവിതരണം നിലക്കുകയും ചെയ്തു.
പ്രദേശവാസികൾ വാട്ടർ അതോറിറ്റി ഓഫിസിൽ കയറിയിറങ്ങി നിരവധിതവണ പരാതികൾ പറഞ്ഞും എഴുതിക്കൊടുത്തും മടുത്തു. എല്ലാ ദിവസവും നാളെ ശരിയാകും എന്ന പതിവ് പല്ലവി ആവർത്തിച്ച് ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ അനുനയത്തിൽ മടക്കുകയാണ്. മൂന്നാഴ്ചയായി ഇതാണ് സ്ഥിതി. ജലവിതരണം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫിസിൽ സത്യഗ്രഹം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.