സഞ്ചാരികൾ ഒഴുകുന്നു; പാപനാശത്ത് സുരക്ഷ സംവിധാനമില്ല
text_fieldsവര്‍ക്കല: ലോകപ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായിട്ടും പാപനാശം തീരത്തിന് ഇന്നും അവഗണന. സഞ്ചാരികളുടെ തിരക്ക് ഇവിടെ നാൾക്കുനാൾ വര്‍ധിക്കുമ്പോഴും ആവശ്യമായ സുരക്ഷ സംവിധാനമൊരുക്കാൻ അധികൃതർ തയാറാകുന്നില്ല.
ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന തീരത്തും കുന്നിലുമായി ആകെയുള്ളത് നാല് ടൂറിസം പൊലീസുകാര്‍ മാത്രമാണ്. ലൈഫ് ഗാര്‍ഡുകളുടെ എണ്ണമാകട്ടെ ആറ്. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതികള്‍ വരുമ്പോഴും സുരക്ഷയുടെ കാര്യത്തില്‍ മാത്രം സർക്കാറിന്റെ ശ്രദ്ധയുണ്ടാകുന്നില്ല. ക്രിസ്മസ്-പുതുവത്സര ആഘോഷവേളയില്‍ അമ്പരപ്പിക്കുന്ന ആൾത്തിരക്കാണ് ഇവിടെ ഉണ്ടായത്. പുതുവര്ഷപ്പുലരിയിൽ മൂന്ന് യുവതികള്‍ക്കുനേരെ അതിക്രമവും ഉണ്ടായി. യുവതികള്‍ താമസിച്ച ഹോംസ്റ്റേയിലെ ഡോര്‍മറ്ററിയില്‍ അതിക്രമിച്ചുകയറിയാണ് യുവാവ് ഉപദ്രവിച്ചത്. ദിവസങ്ങൾക്കുശേഷം പാപനാശം കുന്നില്‍നിന്ന് തമിഴ്നാട് സ്വദേശിനിയായ യുവതി താഴേക്ക് ചാടുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു.
പുതുവത്സരാഘോഷത്തിനെത്തിയ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് പെടാപ്പാട് പെടേണ്ടിവന്നു. പാപനാശത്തും ഹെലിപ്പാടിലും പൊലീസ് എയ്ഡ്പോസ്റ്റ് മാത്രമുണ്ട്. കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നില്ല. കഴിഞ്ഞ ഒരുവർഷമായി തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്.
ഇതര സംസ്ഥാന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും യുവതീ യുവാക്കളാണ്. ചിലർ ലഹരി ഉപയോഗിച്ചശേഷം അക്രമങ്ങള്‍ക്ക് മുതിരാറുണ്ട്. ഇവരുടെ മോശം പെരുമാറ്റവും അസഹനീയമായ ബഹളവും വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയാസമാണുണ്ടാക്കുന്നത്. എന്തെങ്കിലും അനിഷ്ടസംഭവം നടന്നാൽ വര്‍ക്കല സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് പരിഹരിക്കുന്നത്.
പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപെട്ട് അപകടത്തിൽപെടുന്നവരും ഏറെയാണ്. ഡിസംബര്‍ അവസാനം മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ആറുപേരാണ് കടലിലകപ്പെട്ടത്. ഇവരെ രക്ഷപ്പെടുത്തിയതും ലൈഫ് ഗാർഡുകളാണ്. 2012 വരെ 26 ലൈഫ് ഗാർഡുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 12 പേര് മാത്രമാണിപ്പോഴുള്ളത്.
എന്നാൽ നിലവില്‍ അഞ്ച് ലൈഫ് ഗാര്‍ഡുകളുടെ സേവനം മാത്രമാണ് ഒരുസമയം പാപനാശത്തും തിരുവമ്പാടിയിലുമായി ലഭിക്കുന്നത്. അഞ്ചുപേരെ പിരിച്ചുവിടുകയും നാലുപേര്‍ ജോലി ഉപേക്ഷിച്ച് പോകുകയും അഞ്ചുപേര്‍ സ്ഥലം മാറിപ്പോകുകയും ചെയ്തു. ഇതിനുപകരമായി നിയമനവും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.