കോടികൾ ചെലവിട്ട് നിർമാണം; വർക്കല ബസ് സ്റ്റാൻഡ് വെറും പാർക്കിങ് സെന്റർ
text_fieldsവർക്കല: വർക്കല ബസ് സ്റ്റാൻഡ് വെറും പാർക്കിങ് സെന്ററായി ഒതുങ്ങി. കെ.എസ്.ആർ.ടി.സിയുടെ ഓപറേറ്റിങ് ഡിപ്പോ വർഷങ്ങൾക്ക് മുന്നേ അടച്ചുപൂട്ടി. ഇപ്പോൾ ബസ് സ്റ്റാൻഡ് ആർക്കും വേണ്ടാത്ത അവസ്ഥയായി. അന്താരാഷ്ട്ര ടൂറിസം കേന്ദ്രവും രാജ്യത്തെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലൊന്നുമായ വർക്കലിൽ യാത്രാക്ലേശം പരിഹരിക്കാനാണ് ബസ് സ്റ്റാൻഡ് സ്ഥാപിച്ചത്. റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതും ലക്ഷ്യമിട്ടിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനായുള്ള വർക്കലക്കാരുടെ പതിറ്റാണ്ടുകളുടെ അനന്തരഫലമായാണ് മുനിസിപ്പൽ സ്റ്റാൻഡ് സ്ഥാപിതമായത്.
2002ൽ എം.എൽ.എ ആയിരുന്ന വർക്കല കഹാറിന്റെ ഇടപെടലുകളുടെ ഫലമായി കെ.എസ്.ആർ.ടി.സിയുടെ ഓഫിസും സ്ഥാപിച്ചു. കുറച്ച് സർവിസുകളും ഇവിടേക്ക് ലഭിച്ചു. കൂടുതൽ സ്ഥലം ഏറ്റെടുത്ത് കൂട്ടിച്ചേർത്തുകൊണ്ട് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയാൽ ഡിപ്പോ ആരംഭിക്കാമെന്ന ഉറപ്പിൽ അപ്രകാരം നഗരസഭ ചെയ്തെങ്കിലും ഏറെത്താമസിയാതെ കെ.എസ്.ആർ.ടി.സിയുടെ ഓഫിസും അടച്ചുപൂട്ടി ഗതാഗതവകുപ്പ് കൈയൊഴിഞ്ഞു. പിന്നാലെ സർവിസുകളും റദ്ദ് ചെയ്യപ്പെട്ടു. അതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന സ്വപ്നവും അടഞ്ഞ അധ്യായമായി. കോടികൾ ചെലവിട്ട ബസ് സ്റ്റാൻഡ് നിലവിൽ സ്വകാര്യ ബസുകളുടെ പാർക്കിങ് കേന്ദ്രം മാത്രമായി. യാത്രാ ഇടവേളകളിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലമാണ് നിലവിൽ ഇവിടം.
ഏറെനാളത്തെ നാട്ടുകാരുടെ ആവശ്യത്തിനൊടുവിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി നഗരസഭ 2002 ൽ പൊന്നുംവിലക്ക് ഭൂമി വാങ്ങിയത്. വസ്തുവിനായി മാത്രം 20 കോടിയോളം രൂപ നഗരസഭ അന്ന് ചെലവാക്കി. 2004 ൽ ഉദ്ഘാടനം കഴിഞ്ഞതു മുതൽ സ്റ്റാൻഡിന് അകത്തേക്ക് ചില ബസുകൾ മാത്രമാണ് കയറുന്നത്. നഗരസഭ ബസ് ടെർമിനൽ എന്നെഴുതിയ കവാടത്തിനുമുന്നിൽതന്നെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ചട്ടമ്പിത്തരമായിരുന്നു സ്വകാര്യ ബസ് ജീവനക്കാരുടേത്. ഇതുമൂലം റെയിൽവേ സ്റ്റേഷൻ പരിസരവും പ്രധാന റോഡും ഏതുനേരവും വാഹനക്കുരുക്കിലമർന്നു. യാത്രക്കാരും ജീവൻകൈയിൽ പിടിച്ചാണ് കടന്നുപോയിരുന്നത്. ബസുകൾ സ്റ്റാൻഡിന് പുറത്ത് പാർക്ക് ചെയ്യുന്നതും സ്റ്റാൻഡിലേക്കുള്ള ഗേറ്റ് പരിസരത്ത് നിർത്തുന്നതും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പാടില്ലെന്നും നഗരസഭ കർശന നിലപാടെടുത്തു. എന്നാൽ ഇതൊന്നും സ്വകാര്യ ബസ് ജീവനക്കാർ പാലിക്കാനേ തയാറായില്ല. അവർ ഇപ്പോഴും തങ്ങളുടേതായ നിയമവും കീഴ്വഴക്കങ്ങളുമുണ്ടാക്കി.
ഗതാഗതക്കുരുക്ക് രൂക്ഷം
പ്രധാന റോഡിലോ ടെർമിനലിന്റെ കവാടത്തിലോ മാത്രമേ സ്വകാര്യ ബസുകൾ നിർത്തിയിടാറുള്ളൂ. മിക്കപ്പോഴും ഇതുമൂലം ഗതാഗതം സ്തംഭിക്കാറുമുണ്ട്. ഇങ്ങനെ നിർത്തുന്ന ബസിൽ കയറി യാത്രചെയ്യണമെന്ന അലിഖിത ചട്ടംതന്നെ ജീവനക്കാർ ചമച്ചു. ആദ്യകാലങ്ങളിൽ ഇത്തരം താന്തോന്നിത്തരങ്ങളെ നിയന്ത്രിക്കാൻ സ്റ്റാൻഡിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. അന്ന് മനസ്സില്ലാമനസ്സോടെ ജീവനക്കാർ ചട്ടം അനുസരിച്ചു. എന്നാൽ പൊലീസുകാരന് പകരം ഹോംഗാർഡിനെ നിയോഗിച്ചതോടെ സ്ഥിതി പഴയപടിയായി. ഇപ്പോൾ ഇവിടെ ഹോം ഗാർഡുമില്ലാതായതോടെ ബസ് ജീവനക്കാരുടെ തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ. മിക്കപ്പോഴും റോഡിന് കുറുകെ പൂർണമായും ബസ് നിർത്തിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.
ടോയ്ലറ്റും വെള്ളവും നൽകി; ഫലം തഥൈവ
സ്റ്റാൻഡിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടായി ബസുകാർ ചൂണ്ടിക്കാട്ടിയത് സ്റ്റാൻഡിനുള്ളിലെ 18 ഓളം വരുന്ന ഹമ്പുകളും റോഡിലെ ഗട്ടറുകളുമായിരുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചകളിൽ റോഡ് നവീകരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന തീരുമാനവുമുണ്ടായി. ഇതിന്റെ ഭാഗമായി ഹമ്പുകൾ നീക്കം ചെയ്ത് റോഡ് റീ ടാർ ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രവും പുനർനിർമിച്ചു. ഇപ്പോഴതും നശിച്ചുതുടങ്ങി.
സ്റ്റാൻഡിനകത്ത് ടൊയ്ലറ്റ് ബ്ലോക്കും വെള്ളവും ലഭ്യമാക്കിയാൽ ബസ് അകത്തുകയറ്റി നിർത്താമെന്നായിരുന്നു ജീവനക്കാർ മറ്റൊരിക്കൽ നഗരസഭക്കും ആർ.ടി.ഒക്കും നൽകിയ ഉറപ്പ്. അത് നടപ്പിൽവരുത്തിയിട്ടും 'ഞങ്ങൾക്കിങ്ങനെയേ സൗകര്യപ്പെടൂ'എന്ന വെല്ലുവിളിയാണ് ജീവനക്കാർ ഉയർത്തിയത്. നഗരസഭയും ആർ.ടി.ഒയും അതോടെ വിഷയത്തിൽ നിന്ന് പിന്തിരിഞ്ഞു.
കോടികൾ ചെലവിട്ടിട്ടും തുച്ഛമായ വരുമാനം മാത്രം
ബസ് സ്റ്റാൻഡിനായി പലപ്പോഴായി കോടികളാണ് നഗരസഭ ചെലവിട്ടത്. പക്ഷേ വരുമാനമാകട്ടെ തീരെ തുച്ഛവും. ഇപ്പോൾ 2.7 ലക്ഷം രൂപക്കാണ് ബസ് സ്റ്റാൻഡ് നഗരസഭ ലേലത്തിന് നൽകിയത്. കരാറുകാരൻ സർവിസ് അനുസരിച്ച് പണം അടക്കുന്നതിനാൽ ബസുകൾ സ്റ്റാൻഡിൽ കയറാത്തത് വരുമാന ഇടിവ് ഉണ്ടാകുന്നില്ല. ചുരുക്കത്തിൽ തുച്ഛമായ തുക മാത്രമാണ് നഗരസഭക്ക് ലഭിക്കുന്നത്.
ആർ.ടി.ഒ ഇടപെടണം
റോഡിലെ തിരക്കും അപകടസാധ്യതയും കണക്കിലെടുത്ത് മുഴുവൻ ബസുകളും ബസ് സ്റ്റാൻഡിനകത്ത് കയറ്റിനിർത്താനുള്ള നടപടി കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി നഗരസഭ, പൊലീസ്, ആർ.ടി.ഒ എന്നിവർ ശക്തമായി ഇടപെടണം. സ്ഥലത്ത് പഴയതുപോലെ പൊലീസിനെ ഡ്യൂട്ടിക്കിടണം, സ്റ്റാൻഡിന് പുറത്ത് ബസ് യാത്രക്കാർ കാത്തുനിൽക്കുന്നത് പൊലീസ് തടയണം, നിയമം ലംഘിക്കുന്ന ബസുകൾക്ക് കനത്ത പിഴ ഈടാക്കണം ആവശ്യങ്ങളും പലകോണുകളിൽനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.