വര്‍ക്കല ടൗണിലെ റെയില്‍വേ നടപ്പാലം : നഗരസഭ ആറുമാസത്തിനകം നടപടി പൂര്‍ത്തിയാക്കണം
text_fieldsവര്‍ക്കല: മൈതാനം ടൗണിലെ അടച്ചുപൂട്ടിയ റെയിൽവേ ഗേറ്റിൽ റെയില്‍വേ നടപ്പാലം നിര്‍മാണത്തിന് നഗരസഭ ആറു മാസത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ ഉത്തരവിട്ടു. വര്‍ക്കല നേതാജി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. സുലോചനന് നല്കിയ പരാതിയിലാണ് ഉത്തരവ്. 20 വര്‍ഷം മുമ്പ് വര്‍ക്കല നഗരമധ്യത്തിലൂടെ റെയില്‍വേ ഓവർ ബ്രിഡ്ജ് വന്നതോടെയാണ് മൈതാനം ടൗണിലെ പഴയ റോഡിലുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടിയത്. ഗേറ്റ് അടച്ചതോടെ റെയില്‍വേ ലൈനിന് കിഴക്കു ഭാഗത്തെ 2000 ഓളം വീടുകളിലെ താമസക്കാര്‍ക്ക് ടൗണിലെത്താൻ റെയില്‍വേ ഗേറ്റിലൂടെ പാളങ്ങൾ മറികടക്കേണ്ടിവന്നു. രാപകൽ ഭേദമില്ലാതെ നൂറുകണക്കിന് ആളുകളാണ് പാളങ്ങൾ മുറിച്ചുകടന്നുപോകുന്നത്. ശിവഗിരി തീര്‍ഥാടന സമയത്ത് വലിയ തിരക്കാണ് അടച്ചുപൂട്ടിയ ഗേറ്റില്‍ അനുഭവപ്പെടുന്നത്.
ട്രെയിൻ തട്ടി ഇവിടെ നിരവധി അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഗേറ്റ് തുറക്കാനായി വർക്കല രാധാകൃഷ്ണൻ, എ. സമ്പത്ത് എന്നിവർ എം.പിയായിരുന്നപ്പോഴും വർക്കല കഹാർ എം.എൽ.എയായിരുന്നപ്പോഴും വലിയ പരിശ്രമങ്ങളാണ് നടത്തിയത്. ശിവഗിരി തീർഥാടന സമ്മേളനത്തിൽ പങ്കെടുത്ത റെയിൽവേ മന്ത്രിയായിരുന്ന നിതീഷ് കുമാറിനടക്കം ശിവഗിരി മഠവും പലകുറി നിവേദനങ്ങൾ നൽകിയിരുന്നു. ഇതിലൊന്നും നടപടികൾ ഉണ്ടായില്ലെന്ന് മാത്രമല്ല, അടച്ചുപൂട്ടിയ ഗേറ്റ് തുറക്കാനാകില്ലെന്ന ശാഠ്യമാണ് റെയിൽവേ വകുപ്പ് പുലർത്തിപ്പോന്നത്. ഗേറ്റ് തുറന്നുകിട്ടാനുള്ള സാധ്യത എന്നെത്തേക്കുമായി മങ്ങിയതോടെയാണ് പകരം നടപ്പാലമെന്ന ആവശ്യമുയര്‍ന്നത്.
പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിച്ച് ലെയ്ന്‍ സ്കെച്ച് തയാറാക്കി വര്‍ക്കല നേതാജി റെസിഡന്റ്സ് അസോസിയേഷന് പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി വിഷയത്തില്‍ ഇടപെട്ട് റെയില്‍വേ അധികൃതരെ വിവരം ധരിപ്പിച്ചു. സാധ്യതാ പടനം നടത്തി നാലുവരിപ്പാത കടന്നുപോകുന്ന നിലയില്‍ 25 മീറ്റര്‍ സ്പാനും ആവശ്യമായ വീതിയും ആധുനിക സൗകര്യങ്ങളുമുള്ള നടപ്പാലം നിര്‍മിക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചു. മൂന്നുകോടി രൂപയാണ് റെയില്‍വേ എസ്റ്റിമേറ്റ് തയാറാക്കിയത്. റെയില്‍വേക്ക് സ്വന്തം നിലയില്‍ നിര്മിച്ചുനല്കാനാകാത്തതിനാല് സര്‍ക്കാറിന്റെ ഫണ്ട് ആവശ്യമാണ്. ചെലവിന്റെ ഒരുഭാഗം വഹിക്കുന്നതിനെക്കുറിച്ച് അറിയിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭ മറുപടി നല്‍കിയില്ലെന്ന് ആര്. സുലോചനന് പറഞ്ഞു. തുടര്‍ന്നാണ് നഗരസഭയുടെ കൈവശമുള്ള ഫണ്ടുകളുടെയും നീക്കിയിരിപ്പിന്റെയും കണക്കുകള്‍ കാണിച്ച് അദ്ദേഹം ഓംബുഡ്സ്മാന് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.