പണി തീരാതെ വർക്കല ടൗൺ ഹാൾ
text_fieldsവർക്കല: പുനർനിർമാണവും നവീകരണ പ്രവൃത്തികളും ആരംഭിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ വർക്കല ജവഹർലാൽ നെഹ്റു മെമ്മോറിയൽ ടൗൺ ഹാൾ. ടൗൺ ഹാളിനെ ആശ്രയിച്ച് വിവിധ പരിപാടികൾ നടത്തിയിരുന്ന വർക്കല മേഖലയിലെ സാംസ്കാരിക സംഘടനകളടക്കം ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.
2018ലാണ് ടൗൺഹാൾ നവീകരണം ആരംഭിച്ചത്. ഇതിനകം ചെലവിട്ട പണം കരാറുകാർക്ക് നൽകുന്നതിലെ കാലതാമസമാണ് നിർമാണം വൈകാൻ കാരണമത്രെ. ഒന്നരക്കോടി രൂപയുടെ പുനർനിർമാണ പദ്ധതിയാണ് ആവിഷ്കരിച്ചത്. പദ്ധതിയിൽ പഴയ കാന്റീൻ ബ്ലോക്ക് നവീകരണംകൂടി കൂട്ടിച്ചേർത്തതോടെ തുക ഇനിയും ഉയർന്നേക്കും.
പുനർനിർമാണത്തിന് വൻതുക മുടക്കുന്നതിനു പകരം പുതിയ കെട്ടിടം പണിയണമെന്ന് വാദിക്കുന്നവരും ഏറെയുണ്ട്. എന്നാൽ, റെയിൽവേ ഭൂമിയുടെ പരിധിയിൽ വരുന്നതിനാൽ കെട്ടിടം പൊളിച്ച് പുതിയ നിർമാണത്തിന് തുനിഞ്ഞാൽ റെയിൽവേ തടസ്സവാദം ഉന്നയിക്കുമെന്ന് ആശങ്കയുണ്ട്. കെട്ടിടത്തിന് പുറത്ത് അറ്റകുറ്റപ്പണികളും കുറച്ച് മിനുക്കുപണികളും മാത്രമാണ് ഇതിനകം നടന്നത്.
ഹാളിൽ സ്ഥാപിക്കാനായി വരുത്തിയ കൂറ്റൻ എ.സികൾ വിവിധ ഇടങ്ങളിലായി ഇറക്കിവെച്ചിരിക്കുന്നു. കൂട്ടിച്ചേർത്ത പദ്ധതിയായ കാന്റീൻ ബ്ലോക്ക് നവീകരണം ഇപ്പോൾ നടന്നുവരുന്നുണ്ട്. പൂർണമായും തകർന്നുവീഴാറായ ഈ കെട്ടിടത്തെ ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.
1964ൽ തറക്കല്ലിടുകയും 1985ൽ കോൺഗ്രസ് ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം ചെയ്യുകയും ചെയ്ത ടൗൺ ഹാൾ വിവാഹ ചടങ്ങുകൾക്കടക്കം ഉപയോഗപ്പെടുത്താൻ പാകത്തിലാണ് സജ്ജീകരിച്ചതെങ്കിലും കാലാനുസൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്താണ് തിരിച്ചടിയായി.
സെൻട്രലൈസ്ഡ് എയർകണ്ടീഷനിങ് പദ്ധതിയിട്ടിരുന്നെങ്കിലും സ്ഥാപിക്കാനായില്ല. ഹാളിനകത്തെ മുഴക്കവും തിരിച്ചടിയായി. പൂട്ടിക്കിടന്ന ഹാളിന്റെ അകം ഭിത്തിയിൽ വർക്കല രാധാകൃഷ്ണൻ എം.പിയായിരുന്ന കാലത്ത് എം.പി ഫണ്ട് ചെലവിട്ട് കയർമാറ്റ് പാകി. തുടർന്ന് പല പരിപാടികൾക്കെല്ലാം വർക്കലയിലെ സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഹാൾ ഉപയോഗിച്ചുവരികയായിരുന്നു. പുനർനിർമാണം തീർത്ത് ടൗൺഹാൾ പരിപാടികൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.