മത്സ്യം കയറ്റിവന്ന വാഹനം ക്വട്ടേഷൻ സംഘം തട്ടിയെടുത്തു
text_fieldsവർക്കല: മത്സ്യം കയറ്റിവന്ന പിക്-അപ് വാൻ ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി.
കടത്തിക്കൊണ്ടുപോയ വാഹനം ഒടുവിൽ വർക്കല ചെമ്മരുതിക്ക് സമീപത്തുവച്ച് പൊലീസ് പിന്തുടർന്നു പിടികൂടി. ഇതിനിടെ പൊലീസ് ജീപ്പിലിടിച്ച പിക്-അപ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് ഇടിച്ചിറങ്ങിയതോടെ ക്വട്ടേഷൻ സംഘം ഓടി രക്ഷപ്പെട്ടു.
ചടയമംഗലം കലയംഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് മത്സ്യം കയറ്റി വന്ന മിനി പിക്-അപ് വാൻ രണ്ടംഗസംഘം കൈകാണിച്ചു നിർത്തിയത്. ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി റോഡിൽ ഇറക്കി വിട്ടശേഷം വാഹനം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
തുടർന്ന് ഡ്രൈവർ മുബാറക് ചടയമംഗലം പൊലീസിൽ വിവരമറിയിച്ചു. വാഹനം പാരിപ്പള്ളി ഭാഗത്തേക്ക് പോയതായി വിവരം നൽകിയതിെനത്തുടർന്ന് ചടയമംഗലം പൊലീസ് പള്ളിക്കൽ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. ചെമ്മരുതി പഞ്ചായത്തിൽ ചാവടിമുക്കിന് സമീപത്തുവച്ച് പിക്-അപ് വാൻ അഞ്ചരയോടെ കണ്ടതിനെത്തുടർന്ന് പൊലീസ് പിന്തുടർന്നു. എന്നാൽ, പൊലീസ് ജീപ്പിലിടിച്ച വാഹനം തോട്ടിലേക്ക് ഇടിച്ചിറക്കിയശേഷം ക്വട്ടേഷൻ സംഘം ഓടി രക്ഷപ്പെട്ടു.
നാലംഗ സംഘമാണ് വാഹനം കടത്തിക്കൊണ്ടുപോയെന്നാണ് പൊലീസിെൻറ നിഗമനം. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി കടമ്പാട്ടുകോണം മൊത്തവ്യാപാര മത്സ്യ മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങിയശേഷം പണം നൽകാത്തതിനെ തുടർന്ന് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചതാണത്രെ.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. പിക്-അപ് കൊണ്ടിടിച്ച് പൊലീസ് വാഹനത്തിന് കേടുപാടുണ്ടാക്കിയതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.