ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ചളിവെള്ളക്കെട്ടില്‍; യാത്രക്കാർ ദുരിതത്തിൽ
text_fieldsവര്‍ക്കല: നഗരത്തിലെ ബസ് കാത്തിരുപ്പുകേന്ദ്രങ്ങള്ക്ക് മുന്നിൽ ദുരിതമായി ചളിവെള്ളക്കെട്ട്. നാളുകളേറെയായുള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയിൽ നാട്ടുകാരിൽ കടുത്ത അമർഷവും പ്രതിഷേധവുമുണ്ട്.
വര്‍ക്കല നഗരസഭകാര്യാലയത്തിനുനേരെ എതിര്‍വശത്തെ ബസ് ഷെൽട്ടറിനും വര്‍ക്കല മൈതാനത്ത് പുന്നമൂട് ഇടവ ഭാഗത്തേക്കുള്ള ബസ് ഷെൽട്ടറിനും മുന്നിലാണ് മഴ പെയ്താൽ പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്നത്. മലിനജലം ഒഴുകിയെത്തി കെട്ടിനിന്ന് ചളിക്കുളമായ നിലയിലാണ് ഇവിടങ്ങൾ. പതിവായി മഴ പെയ്യുന്നതിനാൽ ഇവിടങ്ങളിൽ ചളിവെള്ളം ദിവസങ്ങളോളം കെട്ടിനില്‍ക്കുകയാണ്.
ഈ ചളിക്കുണ്ടിൽ ചവിട്ടിയാണ് യാത്രക്കാർ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ചളിയിൽ കാൽവഴുതി വീഴാതിരിക്കണമെങ്കിൽ സർക്കസുകാരന്റെ മെയ്വഴക്കവും അഭ്യാസവും വേണ്ട സ്ഥിതിയാണ്. ഇതുമൂലം ബസുകള്‍ വെള്ളക്കെട്ടിലിറങ്ങാതെ റോഡിന് നടുവില്‍ നിര്‍ത്തി ആളെ കയറ്റുന്നത് നഗരത്തിൽ വലിയ ഗതാഗതതടസ്സവുമുണ്ടാക്കുന്നുണ്ട്.
വര്‍ക്കല മൈതാനത്തെ ബസ് സ്റ്റോപ്പിന് മുന്നിലെ കുഴികളിലാണ് വെള്ളം വലിയ തോതിൽ കെട്ടിക്കിടക്കുന്നത്. റോഡിനും കാത്തിരിപ്പുകേന്ദ്രത്തിനും മധ്യേയാണ് ഇവിടെ വലിയ കുഴികൾ. വര്‍ക്കല-പാരിപ്പള്ളി റോഡ് നവീകരണത്തിന്റെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇവിടം മുഴുവനും കുഴിച്ച് തോണ്ടിമറിച്ചിരുന്നു. കുഴിമൂടിയെങ്കിലും രണ്ടുനാളത്തെ മഴയിൽ മണ്ണ് താഴ്ന്ന് ഈ ഭാഗങ്ങളെല്ലാം വലിയ കുണ്ടുംകുഴിയുമായി. റോഡുപണി പൂര്‍ത്തിയാകാത്തതിനാല്‍ മഴയത്ത് ഈ പ്രദേശങ്ങളെല്ലാം ചളി നിറഞ്ഞ് വെള്ളക്കെട്ടായി. വേഗത്തിലോടിയെത്തുന്ന ബസുകള്‍ മിക്കപ്പോഴും ചളിവെള്ളത്തിലൂടെ കയറിയാണ് പായുന്നത്. തന്മൂലം ബസ് ഷെൽട്ടറിൽ നിൽക്കുന്ന ആളുകൾക്കുമേലേക്ക് ചളിവെള്ളം തെറിക്കുന്നതും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വഴക്കുണ്ടാകുന്നതും പതിവായി. മിക്കവാറും ബസുകൾ വെള്ളക്കെട്ടുമൂലം ഷെൽട്ടറിന് മുന്നിൽ നിർത്താറുമില്ല. ബസിൽ കയറാനും ഇറങ്ങാനും മഴ നനഞ്ഞ് വേണം ഷെൽട്ടറിലെത്തേണ്ടത്.
നഗരസഭ ഓഫിസിന് മുന്നില്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മഴപെയ്ത്ദിവസങ്ങള് കഴിഞ്ഞാലും വെള്ളം കെട്ടിനിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഏറെ നാളായി യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുമില്ല. ഇവിടെ കാത്തിരിപ്പുകേന്ദ്രത്തിന് തൊട്ടുമുന്നില്‍വരെ വെള്ളം കെട്ടിനില്‍ക്കുന്നതിനാൽ യാത്രക്കാര്‍ കാത്തിരിപ്പുകേന്ദ്രം ഒഴിവാക്കി റോഡിൽ മാറിനിന്നാണ് ബസിന് കൈകാണിക്കുന്നത്.
സ്റ്റോപ് കഴിഞ്ഞ് വെള്ളമില്ലാത്ത ഭാഗത്ത് നിന്നാണ് യാത്രക്കാര്‍ ബസുകളില്‍ കയറുന്നതും. ഇത് വാഹനഗതാഗതത്തെ ഇടക്കിടെ സ്തംഭിപ്പിക്കുന്നു. റോഡുപണി കരാറുകാരൻ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനാൽ പ്രശ്നപരിഹാരവും അകലെയാണ്. വര്‍ക്കല മൈതാനത്തെ പെട്രോള്‍ പമ്പിന് മുന്നിലും റോഡരികിലെ കുഴികളിലും വെള്ളക്കെട്ടുണ്ട്. നഗരത്തിലൂടെയുള്ള യാത്ര ആകെ ദുഷ്കരമായ അവസ്ഥയിലും അധികൃതർക്ക് കുലുക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.