താലൂക്ക് ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം; മൂന്ന് ജീവനക്കാർക്ക് പരിക്ക്
text_fieldsവർക്കല: താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ ആശുപത്രി ജീവനക്കാരെ മർദിച്ചതായി പരാതി. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി കോവൂർ പൊയ്കവിള വീട്ടിൽ മനു (19), പാളയംകുന്ന് വണ്ടിപ്പുര ചരുവിള വീട്ടിൽ സുജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. നഴ്സിങ് അസിസ്റ്റന്റ് അജയ്, സുരക്ഷ ജീവനക്കാരായ സാബു, ശ്രീജിത്ത് എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിലെത്തിയ പ്രതികൾ ഒ.പി ടിക്കറ്റെടുക്കാതെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷിബിൻ ശശിധരനോട് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. മനുവിന്റെ കൈയിലെ രണ്ട് ദിവസം പഴക്കമുള്ള മുറിവ് പരിശോധിക്കാൻ ഒ.പി ടിക്കറ്റ് ആവശ്യമാണെന്ന് ഡോക്ടർ നിർദേശിച്ചു. ഇതോടെ ആശുപത്രിയിലെ വനിത ജീവനക്കാരെ ഉൾപ്പെടെ അസഭ്യം വിളിച്ച് സുജിത്ത് ഒ.പി ടിക്കറ്റ് എടുത്തു.
പരിശോധനക്ക് ശേഷം മുറിവ് ഡ്രസ് ചെയ്യാനെത്തിയപ്പോൾ കുത്തിവെപ്പ് എടുക്കുന്നതിനിടെ മനു നഴ്സിങ് അസിസ്റ്റന്റ് അജയിനെ അസഭ്യം വിളിക്കുകയും നെഞ്ചിലടിക്കുകയും തള്ളുകയും ചെയ്തു. തടയാനെത്തിയ സുരക്ഷ ജീവനക്കാരായ സാബുവിനെയും ശ്രീജിത്തിനെയും മർദിച്ചു.
ഏറെനേരെ ഇവർ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.വിവരമറിഞ്ഞെത്തിയ വർക്കല പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നു യുവാക്കളെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. സ്റ്റേഷനിൽ എത്തിച്ചപ്പോഴും പ്രതികൾ അക്രമാസക്തരായിരുന്നു. സുരക്ഷ ജീവനക്കാരൻ സാബുവിന്റെ വലതുകൈ വിരലുകൾക്ക് ഒടിവുണ്ട്. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രീജിത്തിനും അജയിനും കൈക്ക് ചതവുണ്ട്. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് അനിൽ അറിയിച്ചു. വർക്കല എസ്.എച്ച്.ഒ സസ്പെൻഷനിലായതിനാൽ അഞ്ചുതെങ്ങ് എസ്.എച്ച്.ഒ പ്രൈജുവിനാണ് അന്വേഷണ ചുമതല. അറസ്റ്റിലായ പ്രതികളെ വർക്കല കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.