വട്ടിയൂർക്കാവ് ജങ്ഷൻ വികസനം; മൂന്നാം റീച്ചിന്‍റെ വിജ്ഞാപനമായി
text_fieldsതിരുവനന്തപുരം: വട്ടിയൂർക്കാവ് ജങ്ഷൻ വികസന പദ്ധതിയുടെ മൂന്നാം റീച്ചിലേക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
മണ്ണറക്കോണം-മുക്കോല-വഴയില റോഡാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്. പേരൂർക്കട വില്ലേജിൽ നിന്നുള്ള 97.71 ആർ ഭൂമിയാണ് വിജ്ഞാപനത്തിലുള്ളത്. വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ തിരുവനന്തപുരം കിഫ്ബി യൂനിറ്റ് ഒന്നിലെ എൽ.എ സ്പെഷൽ തഹസിൽദാരെ രേഖാമൂലം അറിയിക്കണം.
ഇതുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് www.trivandrum.nic.in ൽ ലഭ്യമാണ്. ഒന്നാം റീച്ചിന്‍റെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. രണ്ടാം റീച്ചിന്‍റെ സർവേ നടപടികൾ പുരോഗമിക്കുന്നു.
ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയാണ് ഒന്നാം റീച്ച്. മണ്ണറക്കോണം-പേരൂർക്കടയാണ് രണ്ടാം റീച്ച്. കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജങ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്.
വട്ടിയൂർക്കാവ് ജങ്ഷന്‍റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്.
കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വികൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് മൂന്ന് റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്.
വസ്തു ഏറ്റെടുക്കുന്നതിനായി 95 കോടി രൂപയും റോഡ് നിർമാണ പ്രവൃത്തികൾക്കായി 219.75 കോടി രൂപയും കെ.ആർ.എഫ്.ബിക്ക് അനുവദിച്ചിട്ടുണ്ട്. റീഹാബിലിറ്റേഷനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കാൻ ട്രിഡക്ക് 27.04 കോടി രൂപ അനുവദിച്ചു. ആകെ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.