വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനം; വിജ്ഞാപനം പ്രസിദ്ധീകരിച്ചു
text_fieldsവട്ടിയൂർക്കാവ്: വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എല്‍.എ സ്പെഷല്‍ തഹസില്‍ദാരുടെ ഓഫിസില്‍ സൂക്ഷിച്ച രൂപരേഖ ഓഫിസ് സമയത്ത് പരിശോധനക്ക് ലഭിക്കുമെന്ന് എം.എല്‍.എയുടെ ഓഫിസ് അറിയിച്ചു.
പേരൂര്‍ക്കട വില്ലേജിലെ 0. 94 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരത്തുക കിഫ്ബി ട്രിഡക്ക് അനുവദിക്കുകയും അവര്‍ ജില്ല കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. പുനരധിവാസ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാൻ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയത്.
ശാസ്തമംഗലം-വട്ടിയൂര്‍ക്കാവ്-പേരൂര്‍ക്കട റോഡ് മൂന്ന് റീച്ചുകളിലായി 10.75 കിലോമീറ്റര്‍ ദൂരം 18.5 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും ചേര്‍ത്തുള്ള പദ്ധതിയാണിത്. റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന ശാസ്തമംഗലം മുതല്‍ വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം വരെയുള്ള ഒന്നാം റീച്ചിന്റെ നോട്ടിഫിക്കേഷനും ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വി.കെ. പ്രശാന്ത് എം.എല്‍.എ പത്രക്കുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.