വയോജനോത്സവം വൈബായി; പ്രായം തോൽക്കും പ്രകടനം
text_fieldsകോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വയോജനോത്സവമായ മധുരം ജീവിതത്തിൽ
സിനിമാറ്റിക് ഡാൻസ് അവതരിപ്പിക്കുന്നവർ
തിരുവനന്തപുരം: വയസ് വെറും നമ്പറാണ് എന്നതിന് തെളിവു വേണമെന്നോ... നേരെ കിഴക്കേകോട്ടയിലുള്ള പുത്തരിക്കണ്ടം വരെ ഒന്ന് പോയാൽ മതി. നഗരസഭ നടത്തുന്ന മധുരം ജീവിതം വയോജനോൽസവത്തിലെ കാണികളും മത്സരാർഥികളും അത്രയ്ക്ക് വൈബാണെന്നേ. 75-ാം വയസിലും കിടിലനായി സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ജമീലബീവിയും 63-ാം വയസിലും നാടോടിനൃത്തത്തിന് ചുവടുവയ്ക്കുന്ന സതീദേവിയും കുട്ടിക്കാലം മുതൽ ഭരതനാട്യം പഠിക്കണമെന്ന മോഹം 71-ാം വയസിൽ അരങ്ങിലെത്തി ഭരതനാട്യ ചുവടുകൾ മനോഹരമായി അവതരിപ്പിച്ച രാധാമണിയുമൊക്കെ വയോജനോത്സവത്തിലെ മത്സരാർഥികളിൽ ചിലർ മാത്രമാണ്.
ഫാഷൻ ഷോയും ഫാൻസിഡ്രസും തിരുവാതിരയും ഒക്കെ ഒരു വേദിയിൽ അരങ്ങേറുമ്പോൾ മറ്റിടങ്ങളിൽ ലളിതഗാനവും, കവിതാലാപനവും ഒക്കെയാണ് താരങ്ങൾ. കോർപറേഷന്റെ കല്ലടിമുഖത്തുള്ള സാക്ഷാത്കാരത്തിലെ അന്തേവാസികളും സദസിലുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം വേദിയിൽ കയറാനായില്ലെങ്കിലും മത്സരിക്കുന്നവർക്ക് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാരെല്ലാം സീനേജേഴ്സ് ഫെസ്റ്റിന് സംഘാടകരായി മാറുന്നതും മനോഹരമായ കാഴ്ചയാണ്. കലാമത്സരങ്ങൾ ഞായറാഴ്ചയും നടക്കും.
13 ന് യൂനിവേഴ്സിറ്റി സ്റ്റേഡിയം, ശംഖുമുഖം ഐആര്‍സി ഇന്‍ഡോര്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം മൈതാനം എന്നിവിടങ്ങളിലായി കായിക മത്സരങ്ങൾ നടക്കും. 14 ന് പുത്തരിക്കണ്ടത്ത് രാവിലെ 10.30 മുതല്‍ മറവി രോഗവും ജീവിത ശൈലിയും എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. 15 ന് മെഡിക്കല്‍ ക്യാമ്പ്. വൈകിട്ട് അഞ്ച് മുതല്‍ പ്രായഭേദമന്യേ മുതിര്‍ന്ന പൗരന്മാരേയും യുവജനങ്ങളേയും ഉള്‍പ്പെടുത്തി സീന്‍സ് ആന്റ് ടീന്‍സ് എന്ന പേരില്‍ അനുഭവ കൈമാറ്റവും കലാ പരിപാടികൾ അരങ്ങേറും. 16 ന് വൈകിട്ട് നാലിന് എസ്.എം.വി സ്കൂള്‍ മുതല്‍ പുത്തരിക്കണ്ടം വരെ ഘോഷയാത്ര. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.