പുതുവത്സര ആഘോഷം തിരുവനന്തപുരം നഗരത്തിൽ ത്രിതല വാഹന പരിശോധന
text_fieldsതിരുവനന്തപുരം: നഗരത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് സുരക്ഷ ഒരുക്കുന്നത്. സിറ്റി പൊലീസ് കമീഷണറുടെ പൂർണ മേൽനോട്ടത്തിലുള്ള സുരക്ഷാ പദ്ധതിയിൽ രണ്ട് ഡെപ്യൂട്ടി പൊലീസ് കമീഷണർമാർ നേതൃത്വം വഹിക്കും. നഗരത്തിലെ ഓരോ സബ് ഡിവിഷനുകളിലും അസി. കമീഷണർമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരാതിർത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 20 ചെക്കിങ് പോയന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇവിടങ്ങളില്‍ കർശന പരിശോധനക്ക് വിധേയമാക്കും. നഗരത്തിലെ പരിശോധനകൾക്ക് ത്രിതല സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നു മേഖലകളായി തിരിച്ച് എല്ലാ പ്രധാന സ്ഥലങ്ങളിലും പൊലീസ് ചെക്കിങ് പോയന്റുകള്‍ ഒരുക്കിയിട്ടുണ്ട്.
മേഖല ഒന്നില്‍ 33 ചെക്കിങ് പോയന്റുകളും മേഖല രണ്ടില്‍ 27 ഉം മേഖല മൂന്നില്‍ 12 ഉം ഉൾപ്പെടെ നഗരത്തിൽ ആകെ 92 ചെക്കിങ് പോയന്റുകളുണ്ട്. ഇവിടങ്ങളിൽ പൊലീസ് കർശന വാഹന പരിശോധന നടത്തും. മദ്യപിച്ചോ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടോ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
അതോടൊപ്പം രാത്രി 10 ന് ശേഷം അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
കോവളം മുതല്‍ കഴക്കൂട്ടംവരെയുള്ള പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ച് ഏഴ് സ്പെഷല്‍ സ്ട്രൈക്കറുകളും വിവിധ പൊലീസ് സ്റ്റേഷൻ പരിധികളില്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സുകളും ജീപ്പ് ബൈക്ക് പട്രോളിങ്ങുമുണ്ടാകും. പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. എല്ലാ ആഘോഷ പരിപാടികളും രാത്രി കൃത്യം 10 ന് തന്നെ അവസാനിപ്പിക്കണം.
സമയകൃത്യത പാലിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെയും സംഘാടകർക്കെതിരെയും നിയമനടപടി സ്വീകരിക്കും. നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കാം. ട്രാഫിക് ക്രമീകരണങ്ങളുടെ ചുമതല ട്രാഫിക് സൗത്ത്- നോർത്ത് എ.സി.പിമാര്‍ നിർവഹിക്കും. ട്രാഫിക് നോർത്തിൽ ഉൾപ്പെട്ട 14 സ്ഥലങ്ങളിലും സൗത്തിൽ ഉൾപ്പെട്ട 16 സ്ഥലങ്ങളിലും ബൈപാസ് റോഡുകളിലും ബൈക്ക് റൈസിങ്ങും വാഹനങ്ങളുടെ അമിത വേഗതവും പരിശോധിക്കുന്നതിന് ട്രാഫിക് പൊലീസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കും.
പുതുവത്സരാഘോഷ പരിപാടികൾ നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലും മുൻകാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. വിദേശികളടക്കം കൂടുതൽ ആൾക്കാർ ആഘോഷപരിപാടികൾക്ക് എത്തുന്ന കോവളം ബീച്ച് കേന്ദ്രീകരിച്ച് സ്പെഷല്‍ കൺട്രോൾ റൂമും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.