വെള്ളറട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒറ്റ ഡോക്ടർ; ദുരിതം തുടര്‍ക്കഥ
text_fieldsവെള്ളറട: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്മാരെത്താത്തത് തുടര്‍ക്കഥയാകുന്നു. ഒരുമാസം മുമ്പും സമാന സാഹചര്യമുണ്ടായി. അന്ന് പകര്‍ച്ചപ്പനി പകരുന്ന സമയത്താണ് രോഗികള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളുമായി വെള്ളറട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ മുറികള്‍ കിടന്നത്. ചൊവ്വാഴ്ചയും ഇത് ആവര്‍ത്തിച്ചു. നൂറുകണക്കിന് രോഗികള്‍ ചികിത്സക്കായി കാത്തിരിക്കുമ്പോഴാണ് ഇത്. മലയോര മേഖലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയാണ് ഇത്. രോഗികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പലർക്കും സേവനം ലഭിച്ചില്ല.
കാത്തിരുന്ന രോഗികളും കുട്ടികളും തളര്ന്നതല്ലാതെ നോക്കാനാളില്ലായിരുന്നു. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് ഒരുമണി വരെ ഇരുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവർ അവശരായി തളര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് ഒട്ടും താങ്ങാൻ കഴിയാത്തവരാണ് സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. വെള്ളറട, അമ്പൂരി, കുന്നത്തുകാല്‍, ആര്യങ്കോട് പഞ്ചായത്ത് നിവാസികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്.
ഏഴ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോഴുള്ളത് നാലുപേര്‍ക്കുള്ള പരിശോധന മുറി മാത്രം. എത്തുന്നത് ചിലപ്പോഴൊക്കെ ഒരു ഡോക്ടർ മാത്രവും. എട്ട് നഴ്സുമാര്‍ വേണ്ടിടത്ത് നാലുപേര്‍ മാത്രം. ആവശ്യത്തിന് മരുന്നും സ്റ്റോക്കില്ല. ചികിത്സ നിഷേധിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രോഗികള്‍ ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.