അരിക്കൊമ്പൻ: അതിർത്തി ഗ്രാമങ്ങള്‍ ആശങ്കയിൽ
text_fieldsവെള്ളറട: അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയിലെ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പന് വനാതിര്‍ത്തിയില്‍ സുരക്ഷിതമാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസ കേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കാണിക്കാരാണ് റിസർവ് വനത്തിലെ താമസക്കാരില്‍ ഏറിയ പങ്കും. കേരള-തമിഴ്നാട് അതിര്‍ത്തിയിൽനിന്ന് 22 കിലോമീറ്റര്‍ ദൂരത്താണ് പേച്ചിപ്പാറ ഡാം. പേച്ചിപ്പാറക്ക് സമീപമാണ് കന്യാകുമാരി ജില്ലയിലെ കോതയാര്‍. അരിക്കൊമ്പനെ തുറന്നുവിട്ടത് തിരുനെല്‍വേലി ജില്ലയിലെ അപ്പര്‍ കോതയാര്‍ ഡാമിന് സമീപത്താണ്. ഇരു കോതയാറുകളും രണ്ടു ജില്ലകളിലാണെങ്കിലും വനാന്തര പാതയിലൂടെ ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ. കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള അരിക്കൊമ്പന് ഊരുകളിലെത്താനുള്ള സാധ്യത ഏറെയാണെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും വനവാസി പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. മുത്തുക്കുഴി വയലിലെ വനാതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് മുടവന്പൊറ്റ ആദിവാസിഗ്രാമം. ഇതിനോടു ചേര്‍ന്ന് മാങ്ങാമല, തച്ചമല, കുറ്റിയാര്‍ തുടങ്ങിയ ജനവാസ മേഖലകളാണ്. ഇവിടങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം കൂടുതലാണ്.
കലക്കാനം മുണ്ടന്‍തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരി കൊമ്പന് എത്തിയെന്നാണ് പുതിയ അറിയിപ്പ്. കോതയാറുമായി അതിരു പങ്കിടുന്ന അഗസ്ത്യ വനത്തിലെ നെയ്യാറിലോ പേപ്പാറയിലോ അരിക്കൊമ്പന് എത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ തമിഴ്നാട് നിരീക്ഷണം ശക്തമാക്കി. 15 പേരടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ അറിയിച്ചു. കന്യാകുമാരി വനമേഖലയില്‍നിന്ന് അരിക്കൊമ്പന് ജനവാസമേഖലയില്‍ എത്താനുള്ള സാധ്യത ഏറെയാണ്.
അംബാസമുദ്രം, കളക്കാട്, കന്യാകുമാരി മേഖലകളിലെ ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാര്‍, കോതയാര്‍, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വനമേഖലയിലേക്ക് കടക്കാനാകുമെന്ന് ആശങ്കപ്പെടുന്നവര്‍, അപ്പര്‍ കോതയാറും നെയ്യാര്‍ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റര്‍ മാത്രമാണെന്ന് പറയുന്നു. ഉയരമേറിയ മലനിരകളും കുത്തിറക്കങ്ങളുമുള്ള വനപ്രദേശത്തിലൂട അരിക്കൊമ്പന് നെയ്യാര്‍ വന്യജീവി സങ്കേതത്തിലോ തൊട്ടടുത്ത അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ക്കിലോ എത്താന്‍ സാധിക്കില്ലെന്ന വാദവുമുണ്ട്. മുണ്ടന്‍തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിനടുത്ത് തോട്ടം മേഖലയും ജനവാസ കേന്ദ്രങ്ങളുമുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ആനനിരത്തിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനമുള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിര്‍ത്തികടക്കല്‍. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസ മേഖലയുമാണ്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാം.
കാട്ടാക്കടക്ക് സമീപം കുറ്റിച്ചല്‍ പഞ്ചായത്തില്‍പ്പെട്ട പരുത്തിപ്പള്ളി റേഞ്ചില്‍ അരിക്കൊമ്പന് എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നാഗര്‍കോവില്‍ മേഖലയിലെ മലനിരകള്‍ക്ക് അധികം ഉയരമില്ലാത്തതിനാല്‍ കൊമ്പന് അവിടേക്ക് സഞ്ചരിക്കാനാണ് സാധ്യതയേറെയെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.