ചിഞ്ചു ബാബുവിന് ഇനി വീട് പൂര്‍ത്തിയാക്കാം; തുക അനുവദിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്
text_fieldsവെള്ളറട: കുടപ്പനമൂട് തെങ്ങിന്‍കോണം ഷൈന്‍ വിലാസത്തില്‍ ചിഞ്ചു ബാബുവിന് വീട് നിർമിക്കാനുള്ള തുക അനുവദിക്കാന്‍ പി.എം.എ.വൈ.ജി ഓംബുഡ്‌സ്മാന്‍ ഉത്തരവ്. സംഭവത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിനും അമ്പൂരി വി.ഇ.ഒക്കും വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്‍കി.
പരാതിക്കാരിയായ ചിഞ്ചു ബാബു അമ്പൂരി ഗ്രാമപഞ്ചായത്തില്‍നിന്ന് 2021-22 ൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുഖേന തെരഞ്ഞെടുക്കപ്പെട്ട ഭവന ഗുണഭോക്താവാണ്.
2022 ഫെബ്രുവരി 14 ന് കരാറില്‍ ഏര്‍പ്പെടുകയും വീടുപണി ആരംഭിച്ച് ഫൗണ്ടേഷന്‍ പണി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23ന് ബ്ലോക്കു പഞ്ചായത്തു വിഹിതമായ 1,12,000 രൂപ ലഭിക്കുകയുമുണ്ടായി. തുടര്‍ന്ന് ലിന്റില്‍ മട്ടം പണികള്‍ പൂര്‍ത്തീ യാക്കി അടുത്ത ഗഡു ലഭിക്കുന്നതിന് എത്തിയപ്പോഴാണ് ചിഞ്ചു ബാബുവിന്റെ കുടുംബത്തിന്റെ തൊഴില്‍ കാര്‍ഡ് നമ്പറില്‍ മറ്റൊരാള്‍ക്ക് 2018ല്‍ വീട് അനുവദിച്ചതായി പറയുന്നത്. തുടര്‍ന്ന് ഓംബുഡ്‌സ്മാന് കുടുംബം പരാതി നല്‍കുകയായിരുന്നു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെയും ഒപ്പം സമര്‍പ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ ഓംബുഡ്‌സ്മാന്‍ കക്ഷികളെ നേരില്‍ കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ബ്ലോക്ക് പഞ്ചായത്തില്‍ ഫയല്‍ കൈകാര്യം ചെയ്തതിലും കരാര്‍പത്രിക തയാറാക്കിയതിലും ഉദ്യോഗസ്ഥതല പരിശോധന സംവിധാനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട് . ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത തെറ്റിന് ഗുണഭോക്തൃകുടുംബവും ഭരണസമിതിയും ബുദ്ധിമുട്ടിലായ അവസ്ഥയാണ് ഉള്ളതെന്നും ഉത്തരവില്‍ പറയുന്നു. യഥാർഥ കുറ്റവാളി ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയുന്ന സാഹചര്യമാണ്.
പരാതിക്കാരിയായ ചിഞ്ചു ബാബുവിന് അടിയന്തരമായി അടുത്ത ഗഡു തുക ഏഴു ദിവസത്തിനകം അനുവദിച്ചു നല്‍കുന്നതിന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. മേലില്‍ ഇത്തരത്തിലെ ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ജീവനക്കാര്‍ക്ക് കര്‍ശന നിർദേശം നല്‍കണമെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.