കരുതൽ മേഖല നിർണയം: ജനവാസ കേന്ദ്രങ്ങള്‍ വനംവകുപ്പ് മാപ്പിലും
text_fieldsവെള്ളറട: മലയോര പഞ്ചായത്തുകളിലെ പരിസ്ഥിതി ലോല നിര്‍ണയത്തോടനുബന്ധിച്ച് വനം വകുപ്പ് പ്രസിദ്ധീകരിച്ച കരുതല്‍ മേഖല മാപ്പില്‍ ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടും. മിക്ക വാര്‍ഡുകളിലെയും വനവാസി സെറ്റില്‍മെന്റുകളും കരുതല്‍ മേഖലയില്പ്പെടുന്നുണ്ട്.
അതിനിടെ വനം വകുപ്പ് പുറത്തുവിട്ട മാപ്പ് ഇതുവരെയും ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്നും പരാതി ഉയർന്നു. കള്ളിക്കാട് പഞ്ചായത്തിലാണ് മാപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തത്. പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകള്‍ പൂര്‍ണമായും രണ്ട് വാര്‍ഡുകള്‍ ഭാഗികമായും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മാപ്പ് ലഭ്യമായാലുടന്‍ ഫീല്‍ഡ് സര്‍വേയും ഹെല്പ് ഡെസ്കും ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ അറിയിച്ചു. ഹെല്പ് ഡെസ്ക് തുടങ്ങാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റു നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി ഫണ്ട് അനുവദിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാനാകൂ.
വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്കണമെന്നും പന്ത ശ്രീകുമാര്‍ പറഞ്ഞു. നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രവും, പൊലീസ് സ്റ്റേഷനും, കെ.ടി.ഡി.സി ഹോട്ടല്‍, പഞ്ചായത്ത് ഓഫിസ്, സഹകരണ കോളജ്, തുറന്ന ജയില്‍ തുടങ്ങിയവയും സ്വകാര്യ ലോഡ്ജും പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെടുന്നു.
കള്ളിക്കാട് പഞ്ചായത്തിലെ വ്ലാവെട്ടി, പെരുംകുളങ്ങര, കാലാട്ടുകാവ്, നിരപ്പൂക്കാല, കാളിപ്പാറ, പെരിഞ്ഞാംകടവ് വാര്‍ഡുകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമ്പൂരിയില്‍ വനം വകുപ്പ് പുറത്തുവിട്ട മാപ്പില്‍ നേരത്തേ ഉപഗ്രഹ സർവേയില്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ ഇല്ലായെന്നത് ആശ്വാസമാണെങ്കിലും 2020ലെ മാപ്പിന്റെ സാധുതയും ചോദ്യമാകുകയാണ്. കോടതി ഉത്തരവു പ്രകാരം ഉപഗ്രഹ സർവേ നടത്തിയത് 2022 ലാണ്.
എട്ട് വാര്‍ഡുകളാണ് ഉപഗ്രഹ സർവേയില്‍ ഉള്‍പ്പെട്ടിരുന്നത്. നിലവില്‍ അമ്പൂരി ടൗണിന്റെ ഏറക്കുറെ ഭാഗങ്ങളും മഹാദേവ ക്ഷേത്രം, സെന്റ് ജോര്‍ജ് ഫൊറോന പള്ളി, കുടുംബാരോഗ്യ കേന്ദ്രം, മൂന്ന് സബ് സെന്ററുകള്‍, അംഗൻവാടികള്‍ തുടങ്ങിയവയെല്ലാം പരിസ്ഥിതിലോല മേഖലയിലാണ്. വനവാസി കോളനികളും വീടുകളും പട്ടികയില്‍പ്പെടും.
അമ്പൂരിയില്‍ എത്ര വാര്‍ഡുകള്‍ ഉള്‍പ്പെടുന്നുവെന്നത് ഇന്നു നടക്കുന്ന വനം വകുപ്പ് വിളിച്ച യോഗത്തിനു ശേഷമേ കൃത്യമായി അറിയാന്‍ കഴിയൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ജനവാസമേഖലകളെ ഒഴിവാക്കിക്കൊണ്ടാണ് മാപ്പ് തയാറാക്കിയിട്ടുള്ളതെന്നാണ് വനംവകുപ്പിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവിട്ട മാപ്പ്. ഉപഗ്രഹ സർവേയിലെ ജനവാസ മേഖലകളില്‍ പലതും വനംവകുപ്പിന്റെ മാപ്പിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.