പെരുങ്കടവിള ആശുപത്രിക്ക് വേണം ‘അടിയന്തിര ചികിത്സ’
text_fieldsവെള്ളറട: രാജഭരണകാലത്ത് സ്ഥാപിച്ച പെരുങ്കടവിള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായെന്ന ആക്ഷേപം ശക്തമായി.
മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ച ഈ ആതുരാലയം പിന്നീട് സി.എച്ച്.സിയായി ഉയര്‍ത്തപ്പെട്ടെങ്കിലും അതിന് ആനുപാതികമായി ഡോക്ടര്‍മാർ ഉൾപ്പടെ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
പതിറ്റാണ്ട് മുമ്പ് പ്രസവ ശസ്ത്രക്രിയ അടക്കുള്ളവയും മികച്ച ചികിത്സയും ലഭിച്ചിരുന്ന ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഇല്ലാതെയായതോടെ പ്രവര്‍ത്തനം താളം തെറ്റി. ക്രമേണ കിടത്തി ചികിത്സ നിലച്ചു.
ശക്തമായ ജനകീയ ഇടപെടലുകളെ തുടര്‍ന്ന് കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും കാര്യക്ഷമമായില്ല. നിലവില്‍ നാല് രോഗികളെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. എന്‍.ആര്.എച്ച്.എം അടക്കം ആറ് ഡോക്ടര്‍മാരുണ്ടെങ്കിലും ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ല. മിക്കപ്പോഴും ഉച്ചക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. രാത്രികാലങ്ങളില്‍ കരാടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാര്‍ ആയതിനാല്‍ കിടത്തി ചികിത്സയെ ബാധിക്കുന്നു.
പനി ബാധിതരെ പോലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാറാണ് പതിവ്. ആശുപത്രിയുടെ പുറകുവശത്തുള്ള ഒരേക്കറോളം വരുന്ന സ്ഥലം കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറി.
പഞ്ചാത്ത് ഓഫിസ് റോഡില്‍ നിന്ന് അപ്രോച്ച് റോഡ് നിർമിച്ച് വാഹന ഗതാഗതം ഉറപ്പാകുമെന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വാഗ്ദാനം ഇന്നേവരെ പാലിച്ചില്ല.
രണ്ട് വര്‍ഷമായിട്ടും പുതിയ മന്ദിരത്തിന്റെ നിർമാണ ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നു. പെരുങ്കടവിള സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അമ്പലത്തറയില്‍ ഗോപകുമാറും പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ആങ്കോട് രാജേഷും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.