നവകേരള സദസ്സും കൈവിട്ടു; പെട്ടിക്കടയിട്ട് നിര്‍ധന കര്ഷകന്
text_fieldsവെള്ളറട: നവകേരള സദസ്സില്‍ നല്കിയ നിവേദനത്തിന് ഫലമില്ലാതെ കാര്ഷികക്കെടുതിയില് അനുവദിച്ച തുക കിട്ടാനായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് നിര്‍ധന കര്ഷകന്.
വെള്ളറട കൃഷിഭവന് പരിധിയിലെ വെള്ളറട പിള്ളവീട് രമ്യാഭവനില്‍ ശ്രീകണ്ഠന്‍നായരാണ് (ചന്ദ്രന്-65) നാലുവര്‍ഷംമുമ്പ് അനുവദിച്ച കാര്‍ഷിക നഷ്ടപരിഹാരത്തുകക്കായി നെട്ടോട്ടമോടുന്നത്.
കടം വാങ്ങിയും വായ്പയെടുത്തും രണ്ടര ഏക്കറോളം പാട്ടത്തിനെടുത്ത വസ്തുവില്‍ വാഴക്കൃഷിയിറക്കി. 2020 മാര്‍ച്ചിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും വിളവെടുക്കാറായ മുഴുവന്‍ കൃഷിയും നശിച്ചു. കൃഷിവകുപ്പ് അധികൃതര്‍ നൽകിയ റിപ്പോര്‍ട്ടിൻപ്രകാരം 2020 സെപ്റ്റംബറില്‍ 62,500 രൂപ നഷ്ടപരിഹാരം അനുവദിച്ചു. അതില്‍ ആദ്യം 3780 രൂപയും ലഭിച്ചു. ബാക്കി തുക ഇതുവരെയും കിട്ടിയിട്ടില്ല.
തുക ലഭിക്കുന്നതിനായി നൽകിയ വിജയബാങ്ക് വെള്ളറട ശാഖയിലെ അക്കൗണ്ട് നമ്പർ പിന്നീട് ബാങ്ക് ബറോഡ ബാങ്കായതോടെ മാറിയത് കര്ഷകനറിഞ്ഞില്ല. ഇക്കാരണത്താല്‍ തുക അക്കൗണ്ടില്‍ വന്നില്ല. പിന്നീട് പുതിയ അക്കൗണ്ട് നമ്പര്‍ നല്‍കിയെങ്കിലും തുക കിട്ടിയില്ല.
തുക സര്‍ക്കാര്‍ ഫണ്ടിലേക്ക് തിരികേപ്പോയെന്നാണ് കൃഷിഭവനിൽ നിന്നറിയിച്ചത്. ഇതിനിടെയുണ്ടായ അപകടത്തില്‍ കാലൊടിഞ്ഞതോടെ കൃഷി പൂര്‍ണമായും ഉപേക്ഷിച്ച് ചൂണ്ടിക്കലില്‍ പെട്ടിക്കട നടത്തുകയാണ് ഈ കര്ഷകന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.