ഗതാഗതം തടസ്സപ്പെടുത്തി മത്സ്യലേലം; പനച്ചമൂട്ടില്‍ യാത്ര ദുഷ്കരം
text_fieldsവെള്ളറട: പനച്ചമൂട് മാര്‍ക്കറ്റ് നവീകരിച്ചിട്ടും ദുര്‍ഗന്ധത്തിന് പരിഹാരമില്ല. വെള്ളറട ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പനച്ചമൂട് മാര്‍ക്കറ്റ് നവീകരിച്ചത്. എന്നാല്‍ മാര്‍ക്കറ്റില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങള്‍ റോഡിന് മധ്യത്തായി പാര്‍ക്ക് ചെയ്യുകയും മലിനജലം റോഡിലേക്ക് ഒഴുകുകയും ചെയ്യുന്നതിനാല്‍ കച്ചവടക്കാരും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പുലര്‍ച്ച നെയ്യാറ്റിന്‍കര-വെള്ളറട റൂട്ടില്‍ മൂന്ന് മണിമുതല്‍ അഞ്ച് മണിവരെ റോഡില്‍ പാര്‍ക്ക് ചെയ്ത് മത്സ്യലേലം നടത്തുന്നതിനാല്‍ പിറകേവരുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡില്‍. ഇതിനുപുറമെയാണ് മത്സ്യവാഹനങ്ങളിലെ മലിനജലം റോഡിലേക്ക് ഒഴുക്കുന്നത്.
ഇത് ചോദ്യം ചെയ്ത വ്യാപാരിയെയും തൊഴിലാളികളെയും ഒരുമാസം മുമ്പ് ആക്രമിച്ചിരുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ ഒഴുക്കുന്ന മലിനജലം കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുകയാണ്. മലിനജലത്തില്‍ ചവിട്ടാതെ നടക്കാനാവില്ല. അസഹ്യമായ ദുര്‍ഗന്ധത്തില്‍ കച്ചവടവും ദുരിതമയമാണ്. മലിനജലം ഒഴുക്കലിന് പിഴ ഉള്‍പ്പെടെ നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും കാണുന്നില്ല.
മാര്‍ക്കറ്റ് നവീകരിച്ചപ്പോള്‍ മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റിനുള്ളില്‍ നിർത്താൻ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ പ്രയോജനമാകുമായിരുന്നു. നവീകരണത്തിൽ കച്ചവടം ചെയ്യാനുള്ള ഒരു ഷെഡും ഓടയും നിര്‍മിക്കുകയായിരുന്നു. ഇവക്ക് ഇത്രയും പണം ചെലവഴിക്കേണ്ടതില്ലെന്ന ആക്ഷേപവും കച്ചവടക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഗതാഗതക്കുരുക്കും റോഡില്‍ സ്ഥിരമായി ഉപ്പ് കലര്‍ന്ന മലിനജലം ഒഴുക്കുന്നതും കാരണം റോഡ് തകരുമെന്ന് ഉറപ്പാണ്. പുലര്‍ച്ച രണ്ട് മണിമുതല്‍ നെയ്യാറ്റിന്‍കര-വെള്ളറട റൂട്ടില്‍ പനച്ചമൂട് വഴി അത്യാവശ്യ വാഹനങ്ങള്‍ പോലും ഗതാഗതക്കുരുക്കില്‍പ്പെടാതെ പോകാനാവില്ല. മത്സ്യകച്ചവടക്കാര്‍ നടപ്പാത കൈയേറിയതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് വഴിനടക്കാനും ബുദ്ധിമുട്ടാണ്. പഞ്ചായത്ത് മത്സ്യലേലത്തിന് സുരക്ഷിതമായ സ്ഥലം കണ്ടത്തി പനച്ചമൂട്ടിലെ ഗതാഗത തടസ്സം മാറ്റണമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.