ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും തകര്‍ന്ന റോഡ് നിർമാണം തുടങ്ങിയില്ല
text_fieldsവെള്ളറട: വെള്ളറട പഞ്ചായത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്നുകിടക്കുന്ന റോഡ് നിർമാണം തുടങ്ങിയില്ല. പഞ്ചായത്തിലെ കലുങ്കുനട - ആറാട്ടുകുഴി -കൂട്ടപ്പൂ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതു കാരണം ഇരുചക്ര വാഹനക്കാരും കാല്‍നട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമില്ല. റോഡില്‍ രൂപപ്പെട്ട കുഴികളില്‍ മഴയില്‍ വെള്ളം കെട്ടി നില്ക്കുമ്പോള് കുഴികളില്‍ അകപ്പെട്ട് ഇരുചക്രവാഹന അപകടങ്ങളും പതിവാണ്. വെള്ളം കൃത്യമായി ഒഴുകുന്ന ഓടയില്ലാത്തതും വീടുകളില്‍നിന്ന് മലിനജലം റോഡില്‍ ഒഴുക്കിവിടുന്നതും റോഡ് തകരാന്‍ കാരണമാണ്.
മഴയത്ത് വാഹനങ്ങള്‍ പോകുമ്പോള്‍ ചളി തെറിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്തെ ഇരുസംസ്ഥാനങ്ങളിലൂടെ കടന്നു വരുന്ന നൂറുകണക്കിന് ചരക്കുവാഹനങ്ങളും ഈ റോഡുവഴിയാണ് പ്രധാന റോഡുകളിലേക്ക് പോകുന്നത്. മിക്കപ്പോഴും ചരക്കുവാഹനങ്ങള്‍ കുഴികളിലിറങ്ങി കിടക്കുന്നതുകാരണം ഗതാഗത തടസ്സവുമുണ്ട്. നിരവധി തവണ കുഴികള്‍ അടച്ചെങ്കിലും മഴപെയ്താല്‍ റോഡ് തകരുന്ന നിലയാണ്.
റോഡ് പുനര്‍നിർമാണത്തിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 22 കോടി രൂപക്ക് ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ എടുത്തയാള്‍ റോഡ് പണിക്ക് ഉപകരണങ്ങളുമായി എത്തിയെങ്കിലും പണി തുടങ്ങിയില്ല. ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ച് ആധുനിക രീതിയില്‍ പണിചെയ്യുന്നതിനു വേണ്ടിയാണ് ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയത്. ഇതിനിടയില്‍ റോഡിന്റെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംആറാട്ടുകുഴിയില് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കുകയും ചെയ്തു. മാസങ്ങള്‍പിന്നിട്ടിട്ടും നിർമാണം തുടങ്ങാതെ തകര്‍ന്നു കിടക്കുകയാണ് കലുങ്കുനട- കൂതാളി റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.