ഓണത്തിന് കൊയ്യാനൊരുങ്ങി വെള്ളറട
text_fieldsവെള്ളറട: ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന ചൊല്ലിന് നൂറുമേനി അർഥമുണ്ടെന്ന് നാട്ടുകാരെ അറിയിക്കുകയാണ് വെള്ളറടയിലെ ജയ നെല്‍ കൃഷിയിലൂടെ. കര്ഷകൻ കളത്തറ വീട്ടില്‍ ഡോളിയാണ് വെള്ളറട ചൂണ്ടിക്കലിന് സമീപം കളത്തറയിലെ 12 സെന്റ് വയലിൽ നൂറുമേനി വിളയിച്ചത്. വര്‍ഷങ്ങളായി ഇവിടെ നെല്‍കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത്തവണ നല്ല വിളവ് ലഭിച്ചു. അമരവിള കണ്ണങ്കുഴിയിലെ കളത്തറയ്ക്കല്‍ പാടശേഖര സമിതിയില്‍നിന്ന് നാലു മാസം മുമ്പാണ് ജയ നെല്‍വിത്തുകള്‍ ഇവിടെയെത്തിച്ചത്.
ജൈവ കൃഷിയായതിനാല്‍ വേപ്പിന് പിണ്ണാക്കും ചാണകവും പച്ചിലയും ചേര്‍ത്ത് കളമൊരുക്കി ഞാറ് വിതയ്ക്കുകയായിരുന്നു. കളമൊരുക്കലിനും വിതയ്ക്കാനും കളയെടുപ്പിനും കൊയ്ത്തിനും തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷി. സ്ത്രീ തൊഴിലാളികളെ ലഭ്യമല്ലാത്തതിനാല്‍ പുരുഷന്മാരാണ് കൃഷിക്കെത്തുന്നത്. ഏകദേശം ഇരുപതോളംതൊഴില് ദിനങ്ങളാണ് ആകെ നടത്തിയത്.Jaya Rice Farm in Vellarata
മഴ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ കുഴല്‍കിണറില്‍ നിന്നു വെള്ളം പമ്പ് ചെയ്തായിരുന്നു നനവ്. സമീപത്തെങ്ങും നെല്ക്കൃഷിയില്ലാത്തതിനാല് കീടശല്യവും കൂടുതലാണ്. നെത്തോലി മീനും പുകയിലയും ചേര്‍ത്ത ജൈവ കീടനാശിനി മിശ്രിതമാണ് കീടങ്ങളെ തുരത്താനുപയോഗിക്കുന്നത്. ഓണത്തിനു മുമ്പ് കൊയ്യാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഡോളി പറയുന്നു.
12 സെന്റില്നിന്നായി 300 കിലോയോളം നെല്ല് ലഭിക്കും. അരിയാക്കുമ്പോള്‍ 250 കിലോയ്ക്ക് മുകളിലുണ്ടാകും. നെല്ല് കുത്തിയെടുക്കാന്‍ അമരവിളയിലെയോ മാര്ത്താണ്ഡത്തെയോ മില്ലുകളിലാണ് എത്തിക്കുക. ഒരു വര്‍ഷം മുഴുവന്‍ കുടുംബസമേതം കഴിക്കാനുള്ള അരി 12 സെന്റില്‍നിന്നു ലഭിക്കുമെന്നാണ് ഡോളി പറയുന്നത്. ലാഭമല്ല മനസ്സിന് സംതൃപ്തി ലഭിക്കുന്നതാണ് വീണ്ടും നെല്‍ക്കൃഷി നടത്താനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ നെല്ലിന്റെ വളര്‍ച്ച നിത്യവും നോക്കിക്കണ്ടുപോകുന്നതും സന്തോഷമുള്ള കാര്യമായാണ് കര്ഷകൻ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.