കണ്ണീരായി ജോയി
text_fieldsവെള്ളറട: ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം വടകര മലഞ്ചരിവില്‍ ജോയി (45)ക്ക് നാടിന്റെ ബാഷ്പാഞ്ജലി. നാടിന്റെ നാനാതുറയിൽനിന്നും നൂറുകണക്കിനാളുകൾ സംസസ്കാര ചടങ്ങിന് സാക്ഷിയാകാനെത്തി. വീട്ടുവളപ്പിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംസ്കാര ചടങ്ങുകള്‍. മാതാവിന്റെയും ബന്ധുക്കളുടെയും കരച്ചില് ചുറ്റുമുള്ളവരുടെ കണ്ണുകളും ഈറനണിയിച്ചു.
മേയര്‍ ആര്യ രാജേന്ദ്രന്, സി.കെ. ഹരീന്ദ്രന്‍ എ.എൽ.എ, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാര്‍, കോണ്‍ഗ്രസ് നേതാവ് മാരായമുട്ടം എം.എസ്. അനില്‍, മാരായമുട്ടം സുരേഷ്, ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള, എം.വി. രാജേഷ്, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപേർ ജോയിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.
സാഹസികം..ശ്രമകരം...
തിരുവനന്തപുരം: സാഹസികത നിറഞ്ഞതും ശ്രമകരവുമായിരുന്നു രണ്ട് ദിവസം തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടിൽ നടന്ന രക്ഷാപ്രവർത്തനം. ആദ്യാവസനം ഇതിന് മുൻനിരയിൽനിന്നത് അഗ്നിരക്ഷാസേനയും.
ശനിയാഴ്ച രാവിലെ 11ഓടെ ചെങ്കൽച്ചൂള യൂനിറ്റിലേക്കായിരുന്നു ആമയിഴഞ്ചാൻ തോട്ടിൽ ഒരാള്‍ അകപ്പെട്ടുവെന്ന വിവരമറിയിച്ച് ഫോൺ വിളിയെത്തിയത്. മുട്ടോളം വെള്ളമുള്ള തോട്ടില്‍നിന്ന് അകപ്പെട്ട ജോയിയെ കണ്ടെത്താനാകുമെന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍, അവിടെ എത്തിയപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. മാലിന്യക്കൂമ്പാരമായിരുന്ന തോട്ടില്‍നിന്ന് ജോയിയെ കണ്ടെത്താനാകുമോയെന്ന് രക്ഷാപ്രവർത്തകർ പകച്ചുപോയ നിമിഷം. തുടർന്നാണ് ജില്ലയിലെ സ്കൂബ ടീമിന്റെ സഹായം തേടുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ സ്കൂബ ടീം എത്തി. മാലിന്യക്കൂമ്പാരം അഗ്നിരക്ഷാസേനയുടെ വല ഉപയോഗിച്ച് നീക്കം ചെയ്തായിരുന്നു തുടക്കം. ആറടിയോളം വെള്ളത്തില്‍ മൂന്നടിയോളം മാലിന്യമായിരുന്നു. രണ്ട് മുങ്ങൽ വിദഗ്ധരെ അതിലൂടെ കടത്തിവിടുകയായിരുന്നു ആദ്യം ചെയ്തത്. 10 മീറ്റര്‍ കഴിഞ്ഞ് അവരെ തിരിച്ചു വിളിച്ചു.
രണ്ട് പേര്‍ക്ക് കടന്നുപോകാനാകുമെങ്കിലും ഉയരുകയോ താഴുകയോ നിവര്ന്നുനില്ക്കുകയോ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, സ്കൂബ ഡൈവേഴ്സിന്റെ ആത്മധൈര്യത്തില്‍ വീണ്ടും ടണലിന്റെ 30 മീറ്ററോളം അകത്തേക്ക് പോയി. എന്നാല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തടസ്സമായി. മാലിന്യം തന്നെയായിരുന്നു രക്ഷാദൗത്യത്തിലെ പ്രധാന വെല്ലുവിളി. തിരുവനന്തപുരത്തുനിന്ന് ഒമ്പത് പേരടങ്ങുന്ന സ്കൂബ അംഗങ്ങളാണ് ആദ്യം അഗ്നിരക്ഷാസേനയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നത്. ആദ്യത്തെ ടണല്‍ വരുന്ന ഭാഗത്ത് ഇരുവശങ്ങളില്നിന്നാണ് പരിശോധന നടത്തിയത്. ജോയ് ഇല്ല എന്ന് ഉറപ്പു വരുത്തിയശേഷമാണ് അവിടെ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
രക്ഷാദൗത്യവുമായി ഇരുനൂറോളം പേർ
കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി ഇരുപതോളം സ്കൂബ അംഗങ്ങള്‍ തിരച്ചിലിനായി എത്തിയിരുന്നു. കൂടാതെ രക്ഷാ ദൗത്യം കേട്ടറിഞ്ഞു മറ്റു സ്റ്റേഷനുകളില്‍നിന്ന് സ്വയം സന്നദ്ധരായെത്തിയ സേനാ അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനായി ഇരുനൂറോളം അഗ്നിശമന സേനാ അംഗങ്ങളാണ് പ്രവര്‍ത്തിച്ചത്.
നേവിയുമായി മീറ്റിങ് നടത്തിയശേഷമാണ് തിങ്കളാഴ്ച തിരച്ചില്‍ ആസൂത്രണം ചെയ്തത്.
ചുറ്റുപാടുമുള്ള തിരച്ചിലും, നേവിയെ സഹായിക്കാനുമായിരുന്നു തീരുമാനം. ഇതിനായി അഗ്നിരക്ഷാസേനയും സ്കൂബ അംഗങ്ങളും സംഘമായി തിരിഞ്ഞു.
അങ്ങനെ പരിശോധന നടക്കുന്നതിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഇത് അസാധാരണം -കെ.ബി. സുഭാഷ്
ആമയിഴഞ്ചാന്‍ തോട്ടില്‍ ഇതിനു മുമ്പ് മൂന്ന് തവണ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത് അസാധാരണമായിരുന്നുവെന്ന് സ്കൂബ ടീം ലീഡറും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസറുമായ കെ.ബി. സുഭാഷ് പറഞ്ഞു. ഗുഹയ്ക്കു സമാനമായ അന്തരീക്ഷമായിരുന്നു തോടിനു താഴ് ഭാഗത്ത്. എളുപ്പത്തില്‍ രക്ഷപ്പെടുത്താന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. 50 അടി താഴ്ചയില്‍ താഴേക്കു വീണ ഒരാളെ ഡൈവ് ചെയ്ത് കണ്ടെത്താന്‍ സാധിക്കും. ഒഴുക്ക്, ഇതുപോലുള്ള തടസ്സങ്ങള്‍ വന്നാല്‍ ദൗത്യം ദുര്‍ഘടമാകുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ചയ്ക്കും പരിമിതി ഉണ്ടായിരുന്നു. മാന്‍ഹോളില്‍ ദുര്‍ഗന്ധവും ഓക്സിജന്‍ കിട്ടാത്തതിന്റെ പ്രശ്നവും വെല്ലുവിളിയായി. എന്നാല്‍ ജോയിയെ കണ്ടെത്താന്‍ പറ്റുമെന്ന വിശ്വാസം അവസാനം വരെ ഉണ്ടായിരുന്നുവെന്ന് സുഭാഷ് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ദൗത്യം -കെ. സുജയന്‍
ഒഴുക്കില്‍പ്പെട്ട ഇടത്തുനിന്നു തന്നെ ജോയിയെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാലിന്യം നീക്കാന്‍ എടുത്ത സമയം, സ്കൂബ ഡൈവേഴ്സിനെ അകത്തേക്ക് കയറ്റി വിടാന്‍ എടുത്ത സമയം, ആദ്യ ദിനത്തിലെ വെള്ളത്തിന്റെ ഒഴുക്ക്, പിന്നീട് വെള്ളം പെട്ടെന്നു താഴ്ന്നത് ഇതെല്ലാം വെല്ലുവിളിയായെന്ന് ടീമിലെ ഗ്രേഡ് എസ്.എഫ്.ആർ.ഒ.എം കെ. സുജയന്‍ പറഞ്ഞു.
വെള്ളത്തില്നിന്നുകൊണ്ടുതന്നെ ആയിരുന്നു ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലേയും കാര്യങ്ങള്‍ തീരുമാനിച്ചത്. ജോയിയെ എങ്ങനെ രക്ഷപ്പെടുത്താമോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം മേലധികാരികള്‍ തന്നു. അതാണ് ഈ ദൗത്യത്തില്‍ നിര്‍ണായകമായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.