നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ്; കോടതി വിലക്ക് മറികടന്ന് ഭൂമി കൈമാറ്റം
text_fieldsവെള്ളറട: കോടതി വിലക്ക് മറികടന്ന് നിർമല്‍ കൃഷ്ണയുടെ ഭൂമി കൈമാറ്റം ചെയ്തു. അതിര്‍ത്തി മലയോര ഗ്രാമങ്ങളെ അക്ഷരാർഥത്തില്‍ തകര്‍ത്ത നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പു കേസിലെ പ്രധാന പ്രതി നിര്‍മലന്റെ വസ്തുവകകള്‍ കൈമാറ്റം ചെയ്യരുതെന്ന കോടതിയുടെ വിലക്ക് മറികടന്ന് തിരുവനന്തപുരം തൈക്കാട് വില്ലേജിലെ 77 സെന്റ് വസ്തുവാണ് കോടികള്‍ വിലവാങ്ങി കൈമാറ്റം ചെയ്ത് രജിസ്ട്രേഷന് നടത്തിയത്.
പതിനായിരത്തിലേറെ നിക്ഷേപകരെ കബളിപ്പിച്ച് ഏഴു വര്‍ഷം മുമ്പാണ് പളുകല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍ കൃഷ്ണ എന്ന സ്വകാര്യ പണമിടപാടു സ്ഥാപനം പൂട്ടി ഉടമയും സംഘവും കടന്നത്. വഞ്ചിക്കപ്പെട്ട നിക്ഷേപകരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. കുന്നത്തുകാല്‍, പാറശ്ശാല, വെള്ളറട തുടങ്ങിയ പഞ്ചായത്തു പ്രദേശങ്ങളിലുള്ളവരായിരുന്നു നിക്ഷേപകരില്‍ ഏറെയും. വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രക്ഷോഭ സമരങ്ങളും നിയമ നടപടികളും നടത്തിയതിന്റെ ഫലമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മധുരയിലെ ഹൈകോടതി ബെഞ്ചിന്റെ നിർദേശപ്രകാരം അന്വേഷണം നടക്കുകയും ഉടമ നിര്‍മലനും കൂട്ടാളികളും ഗത്യന്തരമില്ലാതെ കീഴടങ്ങുകയും ചെയ്തിരുന്നു.
പാപ്പര്‍ ഹരജി ഉള്‍പ്പെടെ നല്കി തടിതപ്പാന്‍ നിര്മലന് ശ്രമിച്ചെങ്കിലും മലയാളികള്‍ നേതൃത്വം നല്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ നിയമപോരാട്ടങ്ങളുടെ ഭാഗമായി ഉടമയുടെയും ബിനാമികളുടെയും വിവിധ സ്ഥാപനങ്ങളും വസ്തുവകകളും കണ്ടുകെട്ടി ലേലം ചെയ്തുവരുകയാണ്. അതിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിര്‍മലന്റെ പേരിലുള്ള വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നതുള്‍പ്പെടെ ക്രയവിക്രയങ്ങള്‍ ചെയ്യരുതെന്ന് കോടതിയുടെ നിർദേശ പ്രകാരം കുറ്റാന്വേഷണ വിഭാഗം വിവിധ രജിസ്ട്രേഷന് ഓഫിസുകളില്‍ തടസ്സവാദ നോട്ടീസ് നല്‍കിയിരുന്നു.
ഈ വിലക്കു ലംഘിച്ചാണ് പ്രതിയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിലയാധാര രജിസ്ട്രേഷന് നടത്തിയതായി ആക്ഷന്‍ കൗണ്‍സില്‍ കണ്ടെത്തിയത്. രജിസ്ട്രേഷന് ഐ.ജി ഓഫിസിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു ചുക്കാന്‍ പിടിച്ചതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്.
ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്ത നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ് കേസിലെ പ്രധാന പ്രതിക്കു വേണ്ടതായ ഒത്താശ ചെയ്തു കൊടുത്ത രജിസ്ട്രേഷന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് രജിസ്ട്രേഷന് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും രജിസ്ട്രേഷന് മന്ത്രിക്കും ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.