വനത്തിൽനിന്ന് വിദ്യാര്‍ഥികളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ പണമില്ല
text_fieldsവെള്ളറട: കോട്ടൂര്‍ അഗസ്ത്യവനത്തിനുള്ളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ നാലുമാസമായി പണം നല്‍കിയില്ല.
വിദ്യാ വാഹിനി പദ്ധതി പ്രകാരം ഓടുന്ന വാഹനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കാത്തത്. ഇനിയും പണം ലഭിക്കാതിരുന്നാല്‍ വനത്തിലോടുന്ന 10 വാഹനങ്ങളും യാത്ര അവസാനിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐ.ടി.ഡി.പി ആണ് പണം അനുവദിക്കേണ്ടത്. അധികൃതരോട് ഡ്രൈവര്‍മാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
കുട്ടികളുടെ ഭാവിയെ കരുതിയാണ് കടുത്ത നടപടികളിലേക്ക് ഡ്രൈവര്‍മാര്‍ നീങ്ങാത്തത്. ഈ സാഹചര്യം തുടര്‍ന്നാല്‍ വാഹനങ്ങള്‍ ഓടിക്കാനാകാത്ത സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ഫലം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞു.
മുമ്പ് ഗോത്ര സാരഥി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വിദ്യാവാഹിനി എന്ന പേരിലേക്ക് മാറിയത്. ഉള് വനത്തിലുള്ള ആദിവാസി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ജീവന് പണയം വെച്ചാണ് ഈ ഡ്രൈവര്‍മാര്‍ /കൊണ്ടുവരുന്നത്. 150 ഓളം കുട്ടികളാണ് വനത്തില്‍ നിന്ന് വാഹനത്തില്‍ കുറ്റിച്ചലിലെ സ്കൂളിലേക്ക് വരുന്നത്. മറ്റ് വനമേഖലകളിലും സമാനമായ സ്ഥിതി ഉള്ളതായി ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.