ടാർ മിക്സിങ് പ്ലാന്‍റിനെതിരെ പ്രതിഷേധം, സംഘർഷം; പൊലീസ് ലാത്തി വീശി
text_fieldsവെള്ളറട: ടാര്‍ മിക്‌സിങ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം കല്ലേറിലും ലാത്തി വീശലിലും കാലാശിച്ചു.
ഹൈകോടതി വിധിയുമായി നെയ്യാറ്റിന്‍കര തഹസിദാര്‍ ശ്രീകലയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘത്തെയും പ്ലാന്‍റിലേക്ക് എത്തിയ വാഹനങ്ങളെയും നാട്ടുകാര്‍ തടഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ സി.ഐ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വെള്ളറട കലുങ്ക്‌നട നെല്ലിശ്ശേരിയില്‍ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. നെല്ലിശ്ശേരി ക്വാറിക്കുസമീപം പുതിയതായി സ്ഥാപിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്‍റിനെതിരെ നാട്ടുകാര്‍ മാസങ്ങളായി പ്രതിഷേധത്തിലാണ്.
രണ്ട് മാസം മുമ്പ് പ്ലാന്റ് സ്ഥാപിക്കുന്നതിന് കോടതിയില്‍ നിന്ന് അനുകൂല വിധിയുമായി അധികൃതര്‍ എത്തിയെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഹൈകോടതിയുടെ വിധിയുമായി തഹസിൽദാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തി വിധി നടപ്പാക്കുവാനുള്ള ശ്രമം നടത്തുന്നതിടെ നാട്ടുകാര്‍ സംഘടിച്ച് എത്തുകയായിരുന്നു.
മരത്തില്‍ കയറിയും നാട്ടുകാർ ആത്മഹത്യാഭീഷണി മുഴക്കി. പൊലീസ് പല തവണ നാട്ടുകാരോട് പിരിഞ്ഞുപോകുവാന്‍ അവശ്യപ്പെെട്ടങ്കിലും തയാറാകാത്തതിനെത്തുടർന്ന് ലാത്തിവീശുകയായിരുന്നു.
നെല്ലിശ്ശേരി സ്വദേശികളായ രാജേശ്വരി (58), രാജമ്മ (68), റോയി (21) എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ സാരമായി പരിക്കേറ്റു. കല്ലേറില്‍ മാരായമുട്ടം സി.ഐ പ്രശാന്ത് (38), പ്ലാന്റ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളി ദിലീപ്മുണ്ട (39) എന്നിവര്‍ക്കും പരിക്കേറ്റു.
ഇവര്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ശ്രീകാന്തിന്റ നേതൃത്വത്തില്‍ ബാലരാമപുരം സി.ഐ ബിജു, പൂവാര്‍ സി.ഐ പ്രവീണ്‍, പാറശ്ശാല സി.ഐ അരുണ്‍, മാരായമുട്ടം സി.ഐ പ്രസാദ്, വെള്ളറട സി.ഐ മൃതുല്‍ കുമാർ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. െപാലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ പതിനഞ്ചോളം പേരെ െപാലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ചുവെങ്കിലും ജാമ്യത്തില്‍ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.