റോഡ് നിർമാണം തോന്നുംപടി; അമരവിള-കാരക്കോണം റോഡിൽ ദുരിതയാത്ര
text_fieldsവെള്ളറട: അമരവിള മുതല്‍ കാരക്കോണത്തെ മലയോര ഹൈവേ വരെയുള്ള റോഡില്‍ ദുരിതയാത്ര. വെട്ടിമുറിച്ചും മാന്തിക്കുഴിച്ചും തോന്നുംപടിയുള്ള റോഡ് നിര്‍മാണമാണ് യാത്രികരുടെ നടുവൊടിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മാണ ചുമതലക്കാരുടെ അശാസ്ത്രീയ നടപടികളാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. 29 കോടി രൂപ െചലവില്‍ നിര്‍മിക്കുന്ന റോഡിന്റെ വീതികൂട്ടാന്‍ സ്ഥലമെടുപ്പ് തുടങ്ങിയതുമുതല്‍ തുടങ്ങിയതാണ് ദുരിതം. വീതികൂട്ടലിന്റെ ഭാഗമായി പാര്ശ്വങ്ങളില്നിന്ന് ഇടിച്ച മണ്ണ് യഥാസമയം നീക്കാതെ കുന്നുകൂടി മഴയില്‍ ചളിക്കെട്ടാവുകയായിരുന്നു.
റോഡില്‍ മുഴുവന്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനയാത്ര അസാധ്യമായി ദിവസവും നിരവധി വാഹനാപകടങ്ങളുണ്ടാകുന്നു. പൈപ്പ് ലൈനുകളും വൈദ്യുതി കേബിളുകളും സ്ഥാപിക്കുന്നതിന്റെയും ഭാഗമായി റോഡുകള്‍ മുറിച്ചുണ്ടാക്കിയ കല്വെര്ട്ടുകളിലെ മണ്ണ് അപകടമായി റോഡില്‍ നിറഞ്ഞത് യാത്രികര്‍ക്ക് ഭീഷണിയാണ്. കുണ്ടും കുഴിയുമായ റോഡിലൂടെ വാഹനങ്ങള്‍ തുള്ളിത്തുള്ളിയാണ് സഞ്ചരിക്കുന്നത്. എക്സ്കവേറ്റർ പോലുള്ള വാഹങ്ങള്‍ പതിവായി സഞ്ചരിക്കുന്നതിനാല്‍ റോഡിന്റെ ഭൂരിഭാഗവും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂനമ്പന ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൈപ്പ്ലൈന് പൊട്ടി റോഡിൽ വെള്ളക്കെട്ടുമുണ്ട്.
വെള്ളം ഒലിച്ചുപോകാനുള്ള കൾവെര്‍ട്ടുകളില്‍ സിമന്റ് ക്യൂബുകള്‍ സ്ഥാപിക്കുന്നതിനാല്‍ ചെറുവാഹങ്ങള്‍ പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നു. റോഡിലൂടെയുള്ള ഗതാഗതം ദുരിതപൂര്‍ണമായതോടെ വെള്ളറടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കിലോമീറ്ററുകള്‍ ചുറ്റി കാട്ടാക്കടവഴിയാണ് യാത്ര. ഇതുകാരണം കൂലിപ്പണിക്കാരുള്പ്പെടെയുള്ള ബസ്, ഇരുചക്രവാഹനയാത്രികര്‍ക്ക് സമയത്തിന് ജോലി സ്ഥലത്തെത്താനും കഴിയാറില്ല. റോഡിന്റെ പാര്‍ശ്വഭിത്തി കെട്ടുന്നതിനാല്‍ താന്നിമൂട് മുതല്‍ ധനുവച്ചപുരം പാര്‍ക്ക് ജങ്ഷന് വരെയുള്ള ഭാഗത്തുകൂടി മാസങ്ങളായി വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.
കാരക്കോണം വരെയുള്ള ഭാഗത്ത് റോഡിന്റെ ഏറെ ഭാഗത്തും ദുരിതക്കയങ്ങളാണ്. റോഡില്‍ അപകടസൂചകങ്ങള്‍ സ്ഥാപിക്കാത്തതും ഭീഷണിയാണ്. 12 മീറ്റർ വീതിയിലാണ് റോഡ് നിര്‍മാണമെങ്കിലും വീതി കുറവായ ഭാഗത്ത് സ്ഥലം ഏറ്റെടുക്കാൻ നടപടിയില്ലെന്നും ആരോപണമുണ്ട്. റവന്യൂഭൂമി ഏറ്റെടുക്കുന്നതിലും അപാകതയുണ്ടെന്നാണ് പരാതി. കാരക്കോണം വരെയുള്ള പാര്‍ശ്വഭിത്തിയുടെയും കലുങ്കുകളുടെയും നിര്‍മാണം ഒച്ചിഴയും വേഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.