കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുഷ്കരം; യാത്രികരുടെ നട്ടെല്ലൊടിച്ച് അമരവിള-കാരക്കോണം റോഡ്
text_fieldsവെള്ളറട: വെട്ടി മുറിച്ചും കുഴിച്ചും യാത്രികരുടെ നട്ടെല്ലൊടിച്ച് അമരവിള കാരക്കോണം റോഡ്. റോഡ് നവീകരണത്തിന്റെ ഭാഗമായി കരാറുകാരന്റെ വികൃതികളാണ് യാത്രികരെ ഗതാഗതദുരിതത്തിലാക്കുന്നത്. ഹൈടെക് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി അമരവിള താന്നിമൂട് ജങ്ഷന് മുതല്‍ കാരക്കോണം ജങ്ഷന് വരെയുള്ള എട്ട് കിലോമീറ്ററുള്ള റോഡിലെ യാത്രയാണ് ദുഷ്കരമായത്. 29 കോടി രൂപ െചലവില്‍ നിർമിക്കുന്ന റോഡിന്റെ വീതികൂട്ടാന്‍ സ്ഥലമെടുപ്പ് തുടങ്ങിയതുമുതല്‍ തുടങ്ങിയതാണ് യാത്രികരുടെ ദുരിതങ്ങള്‍.
വീതികൂട്ടുന്നതിന്റെ ഭാഗമായി തിട്ടപ്പുറങ്ങള് ഇടിച്ചിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാതെ റോഡില്‍ കുന്നുകൂടിക്കിടക്കുകയാണ്. തുടര്‍മഴയില്‍ ഒലിച്ചുപോകാത്ത മണ്ണില്‍ കുഴികൾ രൂപപ്പെട്ടത് വാഹനയാത്രികരെ ദുരിതത്തിലാകുകയാണ്. തുടര്‍ന്ന് പൈപ്പ്ലൈനും വൈദ്യുതി കേബിളുകള്‍ സ്ഥാപിക്കാൻ റോഡുകള്‍ മുറിച്ചുണ്ടാക്കിയ കൾവെര്ട്ടുകളിലെ മണ്ണ് അപകടമാംവിധത്തില്‍ റോഡുകളില്‍ കയറ്റിയിട്ടത് യാത്രികര്‍ക്ക് അപകടഭീതി പരത്തിയിരുന്നു. മണ്ണ് റോഡിലടിഞ്ഞ് മഴവെള്ളത്തില്‍ ചളിയായി കുണ്ടും കുഴിയും രൂപപ്പെട്ടതുകാരണം വാഹനങ്ങള്‍ തുള്ളിത്തുള്ളിയാണ് സഞ്ചാരം. ഹിറ്റാച്ചികള്പോലുള്ള വാഹനങ്ങള്‍ നിരന്തര ഉപയോഗത്താല്‍ റോഡിന്റെ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികളാണ്. ഇവയിലെ വെള്ളക്കെട്ടും പ്രശ്നം ഗതാഗതപ്രശ്നം രൂക്ഷമാക്കുന്നു.
ഓടകളില്‍ വെള്ളം ഒലിച്ചുപോകാന്‍ നിര്‍മിക്കുന്ന കൾവെര്‍ട്ടുകളില്‍ സിമന്റ് ക്യൂബുകള്‍ സ്ഥാപിക്കുന്നതിനാല്‍ ചെറുവാഹങ്ങള്‍ പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നു. റോഡില്‍ ടാറിന്റെ പുറത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കിയിരുന്നെങ്കില്‍ കുഴികളെങ്കിലും ഒഴിവാകുമായിരുന്നു. മഴ തുടരുന്നതിനാല്‍ ദിവസം കഴിയുംതോറും ദുരിതം വര്‍ധിക്കുകയാണ്. മലയോരമേഖയിലെ ആയിരക്കണക്കിന് യാത്രികരുടെ ആശ്രയമായ റോഡിലൂടെ ഗതാഗതം ദുരിതപൂര്‍ണമായതോടെ തിരുവനന്തപുരത്തേക്കുള്ള യാത്രികര്‍ കിലോമീറ്ററുകള്‍ ചുറ്റി കാട്ടാക്കടവഴിയാണ് വരുന്നത്. ഇതുകാരണം കൂലിപ്പണിക്കാരായ യാത്രികര്‍ക്ക് സമയത്തിന് എത്താന്‍ കഴിയാത്തതിനാല്‍ പലപ്പോഴും തൊഴിൽചെയ്യാനാകാതെ മടങ്ങേണ്ടിവരുന്നു.
യാത്രികരുടെ പ്രശ്നങ്ങളിലുള്ള കാരാറുകാരന്റെ ധാര്‍ഷ്ട്യമാണ് വിഷയത്തിന് കാരണമെന്നാണ് നാട്ടുകാരും യാത്രികരും പറയുന്നത്. താന്നിമൂട് മുതല്‍ ധനുവച്ചപുരം പാര്‍ക്ക് ജങ്ഷന്‍വരെയുള്ള ഭാഗത്ത് റോഡിന്റെ സൈഡ്വാള്‍ കെട്ടുന്നതിനാല്‍ മാസങ്ങളായി വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അവിടംമുതല്‍ കാരക്കോണം വരെയുള്ള ഭാഗത്ത് റോഡിന്റെ ഏറെ ഭാഗത്തും ദുരിതക്കയങ്ങളാണ്. റോഡില്‍ അപകടസൂചകങ്ങള്‍ സ്ഥാപിക്കാത്തതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.