സമാന്തര സര്‍വിസുകാരുടെ നിരീക്ഷണ വാഹനം പിടിച്ചെടുത്ത സ്പെഷല്‍ സ്ക്വാഡിനെ തടഞ്ഞു
text_fieldsവെള്ളറട: സമാന്തര സര്‍വിസുകാരുടെ നിരീക്ഷണ വാഹനം പിടിച്ചെടുത്ത സ്പെഷൽ സ്ക്വാഡിനെ സമാന്തര സര്‍വിസ് സംഘം തടഞ്ഞുവെച്ചു. വിവരമറിഞ്ഞെത്തിയ ഒരുവിഭാഗം ടിപ്പര്‍ ഡ്രൈവര്‍മാര്‍ സ്ക്വാഡിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു. നിരന്തരം വാഹനം തടഞ്ഞ് പെറ്റിക്കേസ് എടുക്കുന്നതിലും സമാന്തര വാഹന അസോസിയേഷൻ അംഗം ഓടിച്ച ബൈക്ക് പിടിച്ചെടുത്തതിലും പ്രതിഷേധിച്ചായിരുന്നു തടഞ്ഞുവെക്കൽ. വിവരമറിഞ്ഞെത്തിയ വെള്ളറട പൊലീസ് സ്ക്വാഡ് ജീവനക്കാരെ മോചിപ്പിക്കുകയും ജീവനക്കാരെ തടഞ്ഞവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് ജങ്ഷനില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉച്ചക്കട ഭാഗത്തുവെച്ച് ഇന്നലെ രാവിലെ ചില സമാന്തര സർവിസ് വാഹനങ്ങളെ കെ.എസ്.ആര്.ടി.സിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്ത സ്ക്വാഡ് തടഞ്ഞു നിർത്തി കേസെടുത്തിരുന്നു. ഇതിനിടെ ഇവരെ നിരീക്ഷിക്കാന്‍ പിന്തുടര്‍ന്ന സമാന്തര സര്‍വിസ് സംഘത്തിന്റെ ബൈക്കാണ് ഓടിച്ചയാള്‍ക്ക് ലൈസൻസില്ലാത്തതിനാല്‍ പിടിച്ചെടുത്തത്. ബൈക്ക് കസ്റ്റഡിയിലെടുത്ത് പൊഴിയൂര്‍ പൊലീസില്‍ എത്തിച്ചു. ഇതിൽ ക്ഷുഭിതരായ സമാന്തര സര്‍വിസുകാര്‍ സ്ക്വാഡിനെ കാരക്കോണത്തുവെച്ച് ബൈക്കുപയോഗിച്ച് ചെറുത്തുവെക്കുകയായിരുന്നു. ബൈക്ക് യാത്രികരെ മര്‍ദിച്ചതായാണ് സമാന്തര സര്‍വിസുകാരുടെ ആരോപണം.
വിഷയങ്ങള്‍ ഒത്തുതീർക്കാന്‍ വെള്ളറട പൊലീസ് സ്റ്റേഷനിലെത്തിയ ചില ട്രേഡ് യൂനിയന്‍ നേതാക്കള്‍ വെള്ളറട സി.ഐ ധനപാലനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കെ.എസ്.ആര്.ടി.സി അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 25 പേരെ പ്രതികളാക്കി വെള്ളറട പൊലീസ് കേസെടുത്തു. ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ധനപാലന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.