ബൈക്കിലെത്തിയവര്‍ വീട്ടമ്മമാരുടെ മാല കവര്‍ന്നു
text_fieldsവെള്ളറട: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയവര്‍ അമ്പൂരിയിലും കള്ളിക്കാടും വീട്ടമ്മമാരുടെ മാല കവര്‍ന്നു. രണ്ടിടത്തുനിന്നുമായി നാലരപ്പവന്റെ മാലകളാണ് നഷ്ടപ്പെട്ടത്. അമ്പൂരി പാലവിള വീട്ടില്‍ ശോഭിയുടെ (74) ഒന്നരപ്പവന്റെയും കള്ളിക്കാട് കാലാട്ടുകാവ് റോഡരികത്തുവീട്ടില്‍ ജയകുമാരി (50) യുടെ മൂന്ന് പവന്റെയും മാലയാണ് പൊട്ടിച്ചെടുത്തത്.
ശനിയാഴ്ച രാവിലെ 7.15ഓടെയാണ് അമ്പൂരിയിലെ മോഷണം. അമ്പൂരി വില്ലേജോഫിസിന്റെ സമീപത്തായി റോഡരികില്‍നിന്നിരുന്ന ശോഭിയുടെ അടുത്തായി ബൈക്ക് നിര്‍ത്തിയശേഷം ബൈക്കിലിരുന്നവര്‍ അമ്പൂരി എവിടെയാണെന്ന് ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ, മാലപൊട്ടിച്ച് കടന്നു.
രാവിലെ ഏഴരയോടെ ജയകുമാരി പാല് വാങ്ങിവരുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ ചിലര്‍ കള്ളിക്കാടിനു സമീപം ഈ ബൈക്ക് തടഞ്ഞെങ്കിലും ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘം കടന്നു. ജയകുമാരി നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്കി. ഇരുസംഭവങ്ങളിലെയും മോഷ്ടാക്കള്‍ ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.
പാതയോരത്തെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കള്ളിക്കാട്ട് നടന്ന സംഭവത്തില്‍ മാല പിടിച്ചുപറിച്ചതായി സംശയിക്കുന്ന ബൈക്ക് യാത്രക്കാരുടെ സി.സി.ടി.വി ദൃശ്യം നെയ്യാര്‍ഡാം പൊലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളറട, നെയ്യാര്‍ഡാം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.