വെള്ളറടയിലെത്തുമോ...ഹൈടെക് റോഡ്
text_fieldsവെള്ളറട: കരമന മുതല്‍ വെളളറട വരെ നീളുന്ന ഹൈടെക് റോഡിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. നഗരപ്രദേശത്തു നിന്ന് മലയോര മേഖലയിലേക്ക് നീളുന്ന റോഡ് ഗതാഗത തിരക്ക് കുറയ്ക്കാനും വേഗത്തില്‍ എത്തിച്ചേരാനുമുള്ള മാര്‍ഗമായാണ് വിഭാവനം ചെയ്തത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കരമന മുതല്‍ വെള്ളറട വരെ നീളുന്ന ഹൈടെക് റോഡ് നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. കിഫ്ബി ഫണ്ട് ലഭ്യമാക്കി തുടങ്ങിയ പദ്ധതിയുടെ ഒന്നാം റീച്ച് നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 225.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്ത്തീകരിക്കുകയെന്നായിരുന്നു പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ റവന്യൂ വകുപ്പ് അനുമതി നല്‍കിയിരുന്നു. 35.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കരമന കുണ്ടമണ്‍കടവ് റോഡിന്റെ 5.5 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്പൂര്ത്തിയാക്കിയിരുന്നു.
മറ്റിടങ്ങളിൽ സ്ഥലമുടമകളും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. രണ്ടുവരിപാത മാത്രമാണെങ്കിലും രണ്ടായിരത്തി ലധികം വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ റോഡിന്റെ ഇരുവശത്തായുള്ളത് സ്ഥലമെടുപ്പിന് തടസമാകുന്നു.
മൂന്ന് റീച്ചുകളിലുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് റിക്ക് അധികൃതര്‍ അറിയിച്ചത്. നേരത്തെ 10.4651 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. മുഴുവന്‍ ഭാഗത്തും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 20 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ 15.5 കിലോമീറ്ററും പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓടകള്‍, നടപ്പാതകള്‍, തെരുവ് വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് റോഡ് നവീകരിക്കും. തിരുവനന്ത പുരം കാട്ടാക്കട റോഡിലെ തിരക്ക് കുറയ്ക്കുകയയും മലയോരത്തെ കേരളതമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെള്ളറട വരെയും വേഗത്തിലെത്താനും കഴിയും
കരമന മുതല്‍ കാട്ടാക്കട വരെയുള്ള റീച്ചിന്റെ സാമൂഹിക ആഘാതപഠനം പൂര്‍ത്തിയായെങ്കിലും കാട്ടാക്കട മുതല്‍ വെള്ളറട വരെയുള്ള ഭാഗത്തെ പഠനം നടന്നിട്ടില്ല. റോഡിന്റെ നവീകരണത്തിന് ആവശ്യമായ സ്ഥലത്തിന്റെ അതിര്‍ത്തി തിട്ടപ്പെടുത്തി കല്ലിടല്‍ നടന്നിട്ട് മൂന്നുവര്‍ഷത്തിലേറെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.