അഗ്നിശമന സേനയിൽ വിളിച്ച് വ്യാജസന്ദേശം; ഒരാൾ അറസ്റ്റിൽ
text_fieldsവെഞ്ഞാറമൂട്: അഗ്നിശമന സേനയില്‍ വിളിച്ച് വ്യാജസന്ദേശം നല്‍കി ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. വെഞ്ഞാറമൂട് കണ്ണന്‍കോട് ശരണ്യ ഭവനില്‍ സൂരജ് മോഹനാണ് (29) അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 11.50 ഓടെയാണ് സംഭവത്തിന്റെ തുടക്കം. വെഞ്ഞാറമൂട് ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ച് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പിറകുവശത്തായി തീപിടിച്ചു എന്നറിയിച്ചു കൊണ്ടായിരുന്നു തുടക്കം.
ഉടന്‍ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ വിവരം നൽകിയ ആള്‍ പറഞ്ഞ സ്ഥലത്തേക്ക് പോയി. എന്നാല്‍, അത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ തീരുമാനിച്ച സമയത്താണ് വീണ്ടും ഫോണ്‍ വരുന്നത്.
കരിഞ്ചാത്തി എന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നാണ് ഇക്കുറി അയാള്‍ അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്ക് തിരിച്ചു. അവിടെയെത്തി നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു സംഭമുമുണ്ടായിട്ടില്ലെന്ന് നാട്ടുകാരില്‍നിന്ന് മനസ്സിലായി.
സൂരജിനെ വിളിച്ചപ്പോൾ, പറഞ്ഞതില്‍ തെറ്റുപറ്റിയതാണെന്നും നെല്ലനാട് ഭാഗത്താണ് തീപടര്‍ന്നതെന്നുമായിരുന്നു മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമനസേന നെല്ലനാടെത്തി. അവിടെയും തീപിടിത്തമില്ലെന്ന് മനസ്സിലായി.
സൂരജിനോട് 'കബളിപ്പിക്കുകയാണോ'എന്ന് ആരാഞ്ഞപ്പോൾ കരിഞ്ചാത്തിയില്‍ തന്നെയായിരുന്നു തീപിടിത്തമുണ്ടായതെന്ന് ആവര്‍ത്തിച്ചു. സംശയമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ ഒരിക്കല്‍കൂടി കരിഞ്ചാത്തിയിലേക്ക് പോയി.
സൂരജിനെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കാന്‍ അയാള്‍ തയാറായില്ല. തുടര്‍ന്ന് തങ്ങളെ മനഃപൂര്‍പ്പം കബളിപ്പിച്ചുവെന്ന് കാണിച്ച് അഗ്നിശമനസേന വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.