എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കും -മന്ത്രി
text_fieldsവെഞ്ഞാറമൂട്: കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍ അധ്യക്ഷതവഹിച്ചു. ഡി.കെ. മുരളി എം.എല്‍.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്. പനവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി.എസ്, ജില്ല പഞ്ചായത്തംഗം കെ.വി. ശ്രീകാന്ത്, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
വെമ്പായം ഗ്രാമപഞ്ചായത്തിലെ ചീരാണിക്കര വാര്‍ഡില്‍ ജലശുദ്ധീകരണശാലയും കൊടിതൂക്കിക്കുന്നില്‍ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും ദേവി നഗറില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും പദ്ധതിക്കായി നിര്‍മിക്കും.
69.21 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. നിലവിലുള്ള കുടിവെള്ള കണക്ഷനുകള്‍ കൂടാതെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ 5,644 കണക്ഷനുകളും പനവൂര്‍ പഞ്ചായത്തില്‍ 3013 കണക്ഷനും പുല്ലമ്പാറ പഞ്ചായത്തില്‍ 2838 കണക്ഷനുകളും നല്‍കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ശുദ്ധീകരണശാലയുടെ നിര്‍മാണത്തിനായി 1.15 ഏക്കർ സ്ഥലം പഞ്ചായത്തുകള്‍ സംയുക്തമായി വാങ്ങി നല്‍കിയിട്ടുണ്ട്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.