ലക്ഷ്മിക്കുട്ടിയമ്മക്ക് വീടൊരുക്കി സി.പി.െഎ പ്രവര്‍ത്തകര്‍
text_fieldsവെഞ്ഞാറമൂട്: നെല്ലനാട് പള്ളിവിള നീര്‍ച്ചാലില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് ഇനി സി.പി.ഐ പ്രവര്‍ത്തകരുടെ കരുതലില്‍ നിർമിച്ച വീട്ടില്‍ അന്തിയുറങ്ങാം. സി.പി.ഐ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ലക്ഷമിക്കുട്ടിയമ്മക്ക് വീട് നിര്‍മിച്ചത്. കോവിഡ് സാന്ത്വന പരിപാടിയുടെ ഭാഗമായുള്ള ധാന്യ കിറ്റുകള്‍ വിതരണത്തിനിടെയാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ദുരിതജീവിതം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്.
50 വര്‍ഷംമുമ്പ് ഭര്‍ത്താവ് നഷ്ടപ്പെട്ട ഈ 85 വയസ്സുകാരി ചോര്‍ന്നൊലിക്കുന്ന പുരയില്‍ ഒറ്റക്കായിരുന്നു താമസം. ചെറുപ്പകാലത്ത് കല്ല് ചുമക്കുന്നതിനിടെ ഉണ്ടായ അപകടം കാരണം ശാരീരിക അവശതകള്‍ പറ്റിയിരുന്നു. അത് കൊണ്ട് മറ്റ് ജോലിക്ക് പോകാനും കഴിയുമായിരുന്നില്ല. കൂലിപ്പണിക്കാരനായ ഏക മകന്‍ അകലെയാണ് താമസിക്കുന്നത്. ലക്ഷ്മിക്കുട്ടിക്ക് പത്തുവര്‍ഷം മുമ്പ് പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു.
എന്നാല്‍, അടിസ്ഥാനം കെട്ടിക്കാണിച്ചാല്‍ മാത്രമേ വീടിന് പണം കിട്ടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. ചില്ലിക്കാശിനുപോലും കഴിയാത്ത ലക്ഷ്മിക്കുട്ടിയമ്മക്ക് അതിനൊട്ട് കഴിഞ്ഞുമില്ല. ഇതോടെ അനുവദിച്ച വീടും നഷ്ടമായി. കുറച്ചുനാള്‍ മുമ്പ് വീടിനായി വീണ്ടും സമീപിച്ചപ്പോള്‍ പ്രായപരിധി കഴിഞ്ഞുവെന്ന കാരണത്താല്‍ അപേക്ഷ നിരസിക്കുകയും ചെയ്തു.
അയല്‍പക്കത്തെ ബന്ധുക്കളാണ് ഭക്ഷണം നല്‍കുന്നത്. ഇതൊക്ക അറിഞ്ഞ സി.പി.ഐ പ്രവര്‍ത്തകര്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. രണ്ടുലക്ഷത്തിലധികം രൂപ സമാഹരിച്ച് രണ്ടുമാസം കൊണ്ട് മനോഹരമായ വീട് പണി പൂര്‍ത്തിയാക്കി.
വലിയൊരു ഭാഗം ജോലിക്കും സി.പി.ഐ പ്രവര്‍ത്തകര്‍ നേരിട്ട് പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ലക്ഷ്മിക്കുട്ടിയമ്മക്ക് വീടിെൻറ താക്കോല്‍ കൈമാറി.
പുതിയവീട്ടില്‍ പുതുവസ്ത്രവും നല്‍കി. ചടങ്ങില്‍ മണ്ഡലം സെക്രട്ടറി എ.എം. റൈസ് അധ്യക്ഷനായി. പി.എസ്. ഷൗക്കത്ത്, പി.ജി. ബിജു, ആര്‍.എസ്. ജയന്‍, അനിതാ മഹേശന്‍, എം.എം. സാബു എന്നിവര്‍ പങ്കെടുത്തു . വീടുപണി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ സമയ പണിയെടുത്ത സി.പി.ഐ പ്രവര്‍ത്തകരായ ഷബിന്‍, ദീപു, സനല്‍കുമാര്‍, സുഗതന്‍ എന്നിവരെ ഉപഹാരം നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.