വെഞ്ഞാറമൂട്ടിൽ ഗർഭിണിയെ ഭീഷണിപ്പെടുത്തി സ്വർണക്കവർച്ച
text_fieldsവെഞ്ഞാറമൂട്: കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയിൽനിന്ന് രണ്ടരപ്പവൻ സ്വർണാഭരണം തട്ടിയെടുത്തു.
ചെമ്പൂര് പരമേശ്വരം ശിവപാർവതിയിൽ പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ച രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പാർവതി ഉണരുമ്പോൾ ഒരാൾ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്.
യുവതി ബഹളം വെച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മോഷ്ടാവ് പാർവതി ധരിച്ചിരുന്ന രണ്ട് പവന്റെ മാല ഊരി വാങ്ങുകയായിരുന്നു. കൂടാതെ അലമാരയിൽ ഉണ്ടായിരുന്ന നാല് ഗ്രാം സ്വർണവും കവർന്നു. വീണ്ടും ഇയാൾ സ്വർണത്തിനായി പരതിയെങ്കിലും കിട്ടിയില്ല.
ശരീരമാകെ മുണ്ടുകൊണ്ടുമൂടിയ തടിച്ച ഒരാളായിരുന്നെന്ന് വീട്ടുകാർ പറയുന്നു. മാലയിലെ താലി മോഷ്ടാവ് തിരികെ നൽകി. പിന്നീട് ഇയാൾ വീടിന്റെ പിൻവാതിലിലൂടെ പുറത്തുപോയതോടെ പാർവതി സമീപവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി.
പരിശോധനയിൽ വാതിലുകൾക്ക് കേടുപാടില്ല. വീടിന്റെ വാതിൽ തുറന്നുകിടന്ന ഏതോ സമയത്ത് മോഷ്ടാവ് വീട്ടിനുള്ളിൽ കയറി മറഞ്ഞിരുന്നതാവാമെന്നാണ് സംശയിക്കുന്നത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. യുവതിയുടെ ഭർത്താവ് ആർമിയിലാണ്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.