റെയില്‍വേ ട്രാക്കില്‍ വീട്ടമ്മയുടെ മൃതദേഹം; ബന്ധുക്കളുടെ പരാതിയിൽ റീപോസ്റ്റുമോര്‍ട്ടം നടത്തി
text_fieldsവെഞ്ഞാറമൂട്: റെയില്‍വേ ട്രാക്കില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ട സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് പരാതി നൽകിയതിനെ തുടർന്ന് റീ പോസ്റ്റുമോര്‍ട്ടം നടത്തി. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ ഗണപതിപുരം ആമ്പാടിയില്‍ പ്രസന്നയുടെ (65) മൃതദേഹമാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയത്. ആഗസ്റ്റ് 31ന് രാവിലെയാണ് ഇവരുടെ മൃതദേഹം ചിറയിന്‍കീഴ് കടകംപള്ളിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.
തലേന്ന് വൈകീട്ടോടെ കടകംപള്ളിയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചിറയില്‍കീഴ് പൊലീസില്‍ പരാതി നൽകി. ഇതിനിടെയാണ് ചിറയില്‍കീഴ് പൊലീസ് റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടെ മൃതശരീരം കണ്ടെത്തിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം പ്രസന്നയുടേതെന്ന് സ്ഥിരീകരിച്ചു.
പൊലീസ് നടപടികൾക്കുശേഷം വലിയകട്ടയ്ക്കാലിലുള്ള വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്തു. ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങൾ കാണാത്തതും മൃതദേഹം പാളങ്ങള്‍ക്ക് നടുവിലായി കണ്ടതും തലേദിവസം ശക്തമായ മഴയുണ്ടായിരുന്നിട്ടും മൃതദേഹം നനയാതിരുന്നതും ബന്ധുക്കളില്‍ സംശയമുണര്‍ത്തി.
ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് മകന് സന്തോഷ് ഹൈക്കോടതിയെ സമീപിച്ചു.
ഇതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് കേസന്വേഷണം ഊർജിതമാക്കാന്‍ നിർദേശിച്ചു. സര്‍ക്കാര്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപിച്ചു. എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മകന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈകോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. കേരള പൊലീസിന്റെ അന്വേഷണം മതിയാകുമെന്നും കേസ് മറ്റൊരു ടീമിനെ ക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി നിസാറുദ്ദീനെ അന്വേഷണ ഇദ്യോഗസ്ഥനായി നിയമിച്ചു. തുടർന്നാണ് പ്രസന്നയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നെടുമങ്ങാട് തഹസില്‍ദാര്‍ സജീവ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍നിന്നുള്ള ഡോ. സ്മിതയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.