ഒരുമിച്ച് സര്‍വിസില്‍ കയറിയ ഒരേ നാട്ടുകാർക്ക് ഐ.പി.എസ്
text_fieldsവെഞ്ഞാറമൂട്: ഒരേ വര്‍ഷം സര്‍വിസില്‍ പ്രവേശിച്ച അടുത്ത നാട്ടുകാരായ രണ്ടുപേര്‍ക്ക് ഐ.പി.എസ്; സന്തോഷിച്ച് നാട്ടുകാര്‍. വെമ്പായം സ്വദേശിയായ കെ. മുഹമ്മദ് ഷാഫി, വെഞ്ഞാറമൂട് സ്വദേശിയായ എ. ഷാനവാസ് എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.പി.എസ് നൽകിയത്. ഔദ്യാഗിക ജാഡകളില്ലാതെയുള്ള ഇടപെടലുകളും സാമൂഹിക- സാസ്കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങളുമാണ് ഇവരെ നാട്ടുകാരുടെ പ്രിയപ്പെട്ടവരാക്കിയത്.
1995 ലാണ് ഇരുവരും പോലീസ് സേനയുടെ ഭാഗമായത്. കൊല്ലം വെസ്റ്റ് എസ്.ഐ ആയിട്ടാണ് ഷാഫിയുടെ തുടക്കം. പിന്നീട് പേരൂര്‍ക്കട, മ്യൂസിയം, തമ്പാനൂര്‍, മെഡിക്കല്‍ കോളജ്, ഫോര്‍ട്ട്, അന്തിക്കാട് പൊലിസ് സ്റ്റേഷനുകളില്‍ എസ്.ഐ ആയും 2002-2003-ല്‍ യു.എന്‍ പോലീസ് സേനയുടെ ഭാഗമായി കസാവയിലും ജോലി നോക്കി. തുടര്‍ന്ന് നെടുമങ്ങാട്, സിറ്റി ട്രാഫിക്, വിജിലന്‍സ് എന്നിവിടങ്ങളില്‍ സി.ഐ ആയും സംസ്ഥാനത്ത് ആദ്യമായി സൈബര്‍ പൊലീസ് രൂപീകൃതമായപ്പോള്‍ അതിന്റെ ചുമതലക്കാരനായും ജോലി നോക്കി. നെടുമങ്ങാട്, വയനാട്ടില്‍ ഇന്റലിജന്‍സ് എന്നിവിടങ്ങളില്‍ ഡി.വൈ.എസ്.പി.യായും കൊല്ലം റൂറല്‍, ഇടുക്കി എന്നിവിടങ്ങളില്‍ അഡിഷണല്‍ എസ്.പി., എക്സൈസ് ഇന്റലിജന്റ്സ് വിഭാഗത്തില്‍ എസ്.പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വിസില്‍ കയറി ആദ്യ വര്‍ഷം തന്നെ മുഖ്യമന്ത്രിയുടെയും 2017ൽ രാഷ്ട്രപതിയുടെയും വിശിഷ്ട സേവനത്തിലുള്ള പുരസ്ക്കാരങ്ങള്‍ ലഭിച്ചു. സെക്രട്ടേറിയേറ്റില്‍ നിന്ന് ഡപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച കാസിം പിള്ളയാണ് പിതാവ്. മാതാവ്: ആരിഫ ബീവി. ഭാര്യ: അസീന. മക്കൾ: ഡോ. ഫാത്തിമ, സുല്‍ത്താന്‍ മുഹമ്മദ്, ദിയ മുഹമ്മദ്.
ചാലക്കുടിയില്‍ എസ്.ഐ.ആയിട്ടായിരുന്നു ഷാനവാസിന്റെ തുടക്കം. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്പെഷൽ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ്, കുറുപ്പുംപടി, അഞ്ചല്‍, വെഞ്ഞാറമൂട്, കാട്ടാക്കട സ്റ്റേഷനുകളില്‍ സി.ഐ ആയിരുന്നു. 2009 ല്‍ ഡിവൈ.എസ്.പി.ആയി സ്ഥാനക്കയറ്റമുണ്ടായി. 2018 ല്‍ തിരുവനന്തപുരം അഡിഷണല്‍ എസ്.പി ആയി. 2019 ല്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റില്‍ എസ്.പി ആയി ചുമതലയേൽകുകയും മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുകയും ചെയ്തു. രാഷ്ടപതിയുടെയും മുഖ്യ മന്ത്രിയുടെയും പോലീസ് മെഡല്‍ നേടിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ശേഷം നാട്ടിലെ സാമൂഹിക- സാംസ്കാരിക മേഖലകളില്‍ സജീവമായിരിക്കെയാണ് ഐ.പി.എസ് സ്ഥാന ലബ്ദി. വെഞ്ഞാറമൂടിന് സമീപം നാഗരുകഴി സ്വദേശിയാണ്. നിയമ ബിരുദം നേടിയിട്ടുണ്ട്. ഏജീസ് ഓഫീസില്‍ നിന്നു വിരമിച്ച പരേതനായ അബ്ദുല്‍ ഷഹാബ് ആണ് പിതാവ്. മാതാവ്: ഫാത്തിമ കുഞ്ഞ്. ഭാര്യ: ജാസ്മിന്. മക്കൾ: ഷബാന, ഷബാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.