തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട്; കല്ലറ പഞ്ചായത്തിൽ അന്വേഷണത്തിന് ഉത്തരവ്
text_fieldsവെഞ്ഞാറമൂട്: കല്ലറ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സോ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമോ അന്വേഷണം നടത്തണമെന്ന് ഓംബുഡ്സ്മാന് ഉത്തരവ്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ച് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സമാന് സാം ഫ്രാങ്ക്ളിന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കല്ലറ പഞ്ചായത്തംഗം കല്ലറ ബിജുവും കുറുമ്പയം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും നൽകിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ജോലി ചെയ്യാതെ അനധികൃതമായി മസ്റ്റര്‍ റോളില്‍ ഒപ്പിട്ട് തുക കൈപ്പറ്റുന്നു, തൊഴിലിൽ ഏർപ്പെടാത്ത തൊഴിലാളികളുടെ പേരില്‍ മാറ്റുമാര്‍ ഹാജര്‍ രേഖപ്പെടുത്തി അക്കൗണ്ടിലെത്തുന്ന പണം തട്ടിയെടുക്കുന്നു എന്നിവയായിരുന്നു പരാതി.
ഓംബുഡ്സ്മാന് നടത്തിയ അന്വേഷണത്തില്‍ ജോലിക്ക് വരാത്ത ദിവസങ്ങളില്‍ പകരം ആളെ വെച്ച് ഹാജര്‍ നൽകിയതായും വളരെക്കാലമായി ക്രമക്കേട് നടന്നു വരുന്നതായും മേറ്റുമാരെ ഭയന്ന് മറ്റു തൊഴിലാളികള്‍ വിവരം മറച്ചുവെച്ചെന്നും കണ്ടെത്തി. പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളത്.
തൊഴിലുറപ്പ് പദ്ധതി നിയമങ്ങള്‍ അറിയാത്ത വ്യക്തികള്‍ നേതൃത്വും നൽകുന്നു, നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല എന്ന രീതിയില്‍ ചില ഭരണ സമിതി അംഗങ്ങള്‍ അനുവര്‍ത്തിച്ച് വരുന്നു, സംഘടിത തട്ടിപ്പായ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതും ഐ.പി.സി 419 വകുപ്പു പ്രകാരം ആള്‍മാറാട്ടവും ഭരണസമിതിക്ക് മൊത്തം വീഴ്ച സംഭവിച്ചതായും ഗുരുതര കുറ്റമാണ് ചെയ്തതെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമോ വിജിലന്‍സ് വിഭാഗമോ അന്വേഷിക്കണമെന്നാണ് ഉത്തരവ്.
തൊഴിലുറപ്പ് പദ്ധതി ഫണ്ടില്‍നിന്ന് നഷ്ടപ്പെട്ട തുക എത്രയെന്ന് കണ്ടെത്തി 30 ദിവസത്തിനകം തിരിച്ചടപ്പിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കി റിപ്പോർട്ട് ചെയ്യുന്നതിനും വാമനപുരം ബ്ലോക്ക് പ്രോഗ്രാം ഓഫിസറോടും കല്ലറ പഞ്ചായത്ത് സെക്രട്ടറിയോടും ഓംബുഡ്സ്മാന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.