ഇടത് ചേർന്ന് വാമനപുരം
text_fieldsവെഞ്ഞാറമൂട്: പരിസ്ഥിതി, ടൂറിസം പദ്ധതികളിലൂടെ ശ്രദ്ധേയമായ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ വാമനപുരം മണ്ഡലത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും പച്ചപ്പാണെങ്കിലും രാഷ്ട്രീയമായി ചുവപ്പാണ്. 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി എം. കുഞ്ഞുകൃഷ്ണപിള്ളക്കെതിരെ എന്‍.വാസുദേവന്‍ പിള്ളയെ ഇറക്കി വിജയം കൊയ്തതിലൂടെ തുടങ്ങിയതാണ് ഇടതിന്റെ ജൈത്രയാത്ര. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഒട്ടേറെ പേരെ പരീക്ഷിച്ചെങ്കിലും വിജയം നേടാനായില്ല. എം. കുഞ്ഞുകൃഷ്ണപിള്ള, എ. നഫീസത്ത് ബീവി, ആര്.എം. പരമേശ്വരന്, എന്‍. പീതാംബരക്കുറുപ്പ്, സി.കെ. സീതാറാം, എസ്. ഷൈന്‍, സി. മോഹനചന്ദ്രന്, ടി. ശരത്ചന്ദ്രപ്രസാദ്, ആനാട് ജയന് എന്നിവരെയാണ് വിവിധ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാർഥികളായി രംഗത്തിറങ്ങിയത്. എൽ.ഡി.എഫിലെ കോലിയക്കോട് കൃഷ്ണന് നായരാണ് ഏറ്റവും കൂടുതല്‍ കാലം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് അഞ്ച് തവണ (1980, 1982, 1987, 1991, 2011). പിരപ്പന്‍കോട് മുരളി (1996, 2001), ജെ. അരുന്ധതി (2006), ഡി.കെ. മുരളി (2016, 2021) എന്നിവരും മണ്ഡലത്തിന്റെ ഇടത് പ്രതിനിധികളായി. ഡി.കെ. മുരളിയാണ് നിലിവിലെ എം.എല്‍.എ.
എന്നാൽ, 2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയായിരുന്ന അടൂര്‍ പ്രകാശിന് വാമനപുരം മണ്ഡലം 9440 വോട്ട് ഭൂരിപക്ഷം നൽകി. 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 10242 വോട്ട് ഭൂരിപക്ഷം നൽകി ഡി.കെ. മുരളിയെ വിജയിപ്പിച്ചതിലൂടെ മണ്ഡലത്തിന്റെ ഇടത് ആഭിമുഖ്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു. നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, നന്ദിയോട്, പനവൂര്‍ എന്നീ പഞ്ചായത്തുകളാണ് നിയമസഭ മണ്ഡല പരിധിയിലുള്ളത്. ഇതില്‍ നെല്ലനാട്, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളില്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം എല്‍.ഡി.എഫാണ് ഭരിക്കുന്നത്. വന്‍കിട തോട്ടങ്ങളും ഇടത്തരം നാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമുള്ള മണ്ഡലത്തില്‍ കാര്‍ഷിക വൃത്തിയാണ് ജനങ്ങളുടെ പ്രധാന ജീവനോപാധി. എന്നാല്‍, കാര്‍ഷിക മേഖലയുടെ തകര്‍ച്ച ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റിത്തെളിഞ്ഞ മൂന്ന് നേതാക്കള്‍ മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ ഭാഗമായ വാമനപുരം നിയമസഭ മണ്ഡലത്തിൽ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നപ്പോള്‍ മീനച്ചൂടിനെയും വെല്ലുന്ന തരത്തിലേക്ക് മാറി. കഠിനമായ ചൂടും പരുക്കന്‍ ഭൂപ്രകൃതിയും മണ്ഡലവിസ്തൃതിയും പ്രചാരണരംഗത്ത് മുന്നണി പ്രവര്‍ത്തകരെ അക്ഷരാർഥത്തില്‍ വെള്ളം കുടിപ്പിക്കുന്നുണ്ട്.
നായര്‍, ഈഴവ, മുസ്ലിം, ക്രിസ്ത്യന്‍, പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, ആദിവാസികള്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ ഒക്കെയുള്ള മണ്ഡലത്തില്‍ ജയവും തോല്‍വിയും നിര്‍ണയിക്കുന്നതില്‍ ഈ സമുദായങ്ങള്‍ക്കൊക്കെ ഗണ്യമായ പങ്കുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് മുന്നണികളുടെ പ്രചാരണ രീതികള്‍. സി.ഐ.എ, ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയം, കേന്ദ്രം കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി, അഴിമതി, കേരള സർക്കാറിനോട് യു.ഡി.എഫും ബി.ജെ.പിയും പുലര്‍ത്തുന്ന നിലപാടുകള്‍, ക്ഷേമ പെന്‍ഷനുകളുടെ മുടക്കം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സിദ്ധാർഥിന്റെ മരണം, ക്രമസമാധാന പ്രശ്നങ്ങളൊക്കെ മുന്നണി പ്രവര്‍ത്തകര്‍ പ്രചാരണായുധമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഡി.കെ. മുരളിക്കാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല. ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസാണ് യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.